അഹമ്മദാബാദ്: ഷോലെ സിനിമയിലെ വില്ലനെ പോലെ അർദ്ധരാത്രി കേന്ദ്ര സർക്കാർ ജനങ്ങളെ ആക്രമിച്ചതാണ് നോട്ട് നിരോധനവും ജിഎസ്ടിയും എന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരിഹാസം.

ജി.എസ്.ടി ജനങ്ങള്‍ക്ക് ഉപകാരപ്പെടും വിധം ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ അദ്ദേഹം ഇന്ധനവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേൽ ഇന്ന് നടന്ന തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു. ആദ്യമായാണ് പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ