ചെന്നൈ: ചരക്കുസേവന നികുതിക്ക് പുറമെ വിനോദ നികുതിയും ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല തിയേറ്റര്‍ സമരം ആരംഭിച്ചു. വിനോദ നികുതിയായ 30 ശതമാനവും ജിഎസ്ടി ഇനത്തില്‍ 28 ശതമാനവും ആവുമ്പോള്‍ 58 ശതമാനം നികുതിയാണ് തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക. ഇത് ടിക്കറ്റ് വില വര്‍ദ്ധനവിലേക്കും നയിക്കും.

ഇന്ന് മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും അടച്ചുപൂട്ടുമെന്ന് തമിഴ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അഭിരാമി രാമനാഥന്‍ വ്യക്തമാക്കി. നികുതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വരെ ടിക്കറ്റുകള്‍ പഴയ നിരക്കിലാണ് വിറ്റത്. സമരത്തിന്റെ ഭാഗമായി പ്രതിഷേധ സമരവും സംഘടിപ്പിക്കുമെന്ന് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ വിശാല്‍ അറിയിച്ചു. അധിക നികുതി ഏര്‍പ്പെടുത്തിയത് സിനിമാ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും വിശാല്‍ പറഞ്ഞു. ജിഎസ്ടിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ജിഎസ്ടിക്ക് പുറമെ ചുമത്തുന്ന വിനോദനികുതിയില്‍ വ്യക്തമത വരുത്തണെന്ന് ആവശ്യപ്പെട്ട് മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിട്ടുണ്ട്. പ്രതിഷേധവുമായി തമിഴ്താരങ്ങളും സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ