ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതിയിൽ 33 ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചു. അവശ്യ സാധനങ്ങളുടെ വിഭാഗത്തിലാണ് നികുതി കുറച്ചത്. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.

ആകെ 33 ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചതിൽ 26 ഉൽപ്പന്നങ്ങൾ 18 ശതമാനം നികുതി വിഭാഗത്തിലും ഏഴ് ഉൽപ്പന്നങ്ങൾ 28 ശതമാനം സ്ലാബിലും ഉളളവയാണ്.

ഭിന്ന ശേഷിയുളളവരുടെ ആവശ്യം പരിഗണിച്ച് വീൽചെയറുകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചു.  28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ച ഉൽപ്പന്നങ്ങൾ, ടയർ, ടിവി, ബില്ല്യാഡ്സ്, സ്നൂക്കർ, ലിഥിയം ബാറ്ററി, വിസിആർ എന്നിവയാണ്.

100 രൂപ വരെയുള്ള സിനിമ ടിക്കറ്റിന് 18% സ്ലാബിൽ നിന്നും 12% സ്ലാബിലേക്ക് കുറച്ചിട്ടുണ്ട്.  100 രൂപയുടെ മുകളിലുള്ള ടിക്കറ്റ് 28% സ്ലാബിൽ നിന്നും 18% സ്ലാബിലേക്ക് കുറച്ചിട്ടുണ്ട്. എന്നാൽ സിമന്റ് , സ്പെയർ പാർട്ട്സ് എന്നിവയുടെ നികുതി പഴയത് പോലെ തുടരും.

സോളാർപ്ലാന്റിന്റെ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. ചരക്ക്- സേവന നികുതി ഘടനയിൽ ഇനിയും ഇളവുകൾ വരുത്തുമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 99 ശതമാനം സാധനങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാൽ നികുതി കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ നികുതി നിരക്ക് സംബന്ധിച്ച ‌ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര രംഗത്തു വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook