Latest News

പ്രളയ ദുരിതാശ്വാസം; ജിഎസ്‌ടിയിൽ അധിക സെസ് ചുമത്താൻ കേരളത്തിന് അനുമതി

സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങൾക്കു മേലാണ് ചുമത്തുന്നതെന്ന്‌ സംസ്ഥാനത്തിന്‌ തീരുമാനിക്കാനാവും

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ചരക്ക് സേവന നികുതിയിൽ പ്രളയ സെസ് പിരിക്കാൻ കേരളത്തിന് അനുമതി. രണ്ട് വർഷത്തേക്ക് ഒരു ശതമാനം അധിക സെസ് ചുമത്താനാണ് ജിഎസ്‌ടി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങൾക്കു മേലാണ് ചുമത്തുന്നതെന്ന്‌ സംസ്ഥാനത്തിന്‌ തീരുമാനിക്കാനാവും.  സംസ്ഥാനാടിസ്ഥാനത്തിലാണ് സെസ് ചുമത്താൻ അനുമതി നൽകിയിരിക്കുന്നത്.

അധിക  സെസ് ചുമത്താൻ കേരളത്തെ അനുവദിക്കാമെന്ന് ഇത് സംബന്ധിച്ച് പഠിച്ച ജിഎസ്ടി മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് കൗൺസിൽ കേരളത്തിന് അനുകൂലമായ തീരുമാനം എടുത്തിരിക്കുന്നത്. വിദേശത്ത് നിന്നും സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാവുന്ന വായ്‌പ പരിധിയിൽ കേരളത്തിന് ഇളവ് നൽകാനും മന്ത്രിതല സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം എന്താണെന്ന് വ്യക്തമായിട്ടില്ല.

പ്രളയദുരന്തം നേരിടാൻ രാജ്യവ്യാപകമായി സെസ് ഏർപ്പെടുത്താമെന്ന നിർദേശത്തെ ചില സംസ്ഥാനങ്ങൾ എതിർത്തിരുന്നു. ഇതേ തുടർന്ന് അധിക സെസ് പിരിക്കുന്നത് പഠിക്കാൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാറിനെ ചുമതലപ്പെടുത്തി. പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ അതിന്റെ വ്യാപ്തി ജിഎസ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തിയ ശേഷം ഇനി മുതൽ അധിക സെസ് ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന വ്യവസ്ഥയ്ക്ക് ഇതോടെ വഴി തെളിഞ്ഞു.  ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമാണ് നികുതി ചുമത്തുകയെന്നത് ബജറ്റിൽ പ്രഖ്യാപിക്കും.

Web Title: Gst council let kerala to levy disaster cess

Next Story
ഭൂമിയിലേക്ക് വീണ്ടും അതിശക്തമായ റേഡിയോ സിഗ്നലുകൾ; അമ്പരന്ന് ശാസ്ത്ര ലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com