ന്യൂഡൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പേരിൽ വ്യാപാരികൾ നടത്തുന്ന കൊള്ള നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. ജിഎസ്ടി ഉൾപ്പെടുത്തി വിലയിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപവരെ പിഴയും ഒരു വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാൻ അറിയിച്ചു. പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്റ്റോക്ക് വിറ്റഴിക്കണം എന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.

പഴയവില ഈടാക്കുന്നുവെന്നും ജനങ്ങൾക്ക് ജിഎസ്ടിയുടെ നേട്ടം ലഭ്യമാകുന്നില്ലെന്നുമുള്ള പരാതിയെത്തുടർന്നാണ് നടപടി. ഉൽപ്പനങ്ങളുടെ മുകളിൽ എംആർപി നിർബന്ധമായും പതിക്കേണ്ടതാണ് എന്നും . അല്ലാത്തവർ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും റാംവിലാസ് പാസ്വാൻ പറഞ്ഞു. നിയമലംഘനം ആദ്യ തവണ നടത്തുമ്പോൾ 25,000 രൂപ പിഴനൽകണം, രണ്ടാമതും ആവർത്തിച്ചാൽ 50,000 രൂപയും മൂന്നാമതും ചെയ്താൽ ഒരു ലക്ഷം രൂപയുമാണ് പിഴ നൽകേണ്ടത്. മൂന്നാം തവണയും ആവർത്തിച്ചാൽ ഒരു വർഷം തടവുശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും റാംവിലാസ് പാസ്വാൻ മുന്നറിയിപ്പ് നൽകി.

ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനും സഹായിക്കാനുമായി ഉപഭോക്തൃ മന്ത്രാലയത്തിന്റെ കീഴിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി സംബന്ധിച്ച ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഹെൽപ്പ്‍ലൈനുകൾ 14ൽ നിന്നും 60 ആക്കി ഉയർത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നേട്ടം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ