/indian-express-malayalam/media/media_files/uploads/2023/09/BJP-sees-blowback-resignations-in-MP-over-big-guns-from-Centre-2.jpg)
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ബിജെപിയുടെ പഴയകാല നേതാക്കളും തമ്മിലുള്ള ചേരിപ്പോരും ബിജെപിയിൽ നീറിപ്പുകയുകയാണ്. സിന്ധ്യയുടെ വിശ്വസ്തരുടെ നീണ്ട നിര കഴിഞ്ഞ മാസങ്ങളിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെ.പി തങ്ങളുടെ വൻ തോക്കുകളെ ഇറക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് ഗ്രൂപ്പിസത്തെ മുളയിലേ നുള്ളുകയെന്നതാണ്. മൂന്ന് കേന്ദ്രമന്ത്രിമാരെയും നാല് എംപിമാരെയും ഒരു ദേശീയ ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി ബി ജെ പി രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച രണ്ടാം പട്ടിക പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഭരണവിരുദ്ധതയും വിഭാഗീയതയും നേരിടുന്ന സംസ്ഥാന ഘടകത്തിൽ അസംതൃപ്തിയുടെ തീ പുകയയാണ്.
സിദ്ധിയിൽ മൂന്ന് തവണ എംഎൽഎയായ കേദാർനാഥ് ശുക്ലയെ മാറ്റി ബി ജെ പി എംപിയായ റിതി പഥക്കിനെ സ്ഥാനാർത്ഥിയാക്കി. കേദാർനാഥ് ശുക്ലയുടെ അനുയായിയെന്ന് പറയപ്പെടു്ന ഒരാൾ ഒരു ഗോത്രവർഗക്കാരന്റെ മേൽ മൂത്രമൊഴിക്കുകയും അതുണ്ടാക്കിയ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിൽ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടയാളുടെ കാലുകൾ കഴുകുകയും ചെയ്തു. തുടർന്ന് ശുക്ലയും പാർട്ടിയും തമ്മിൽ അസ്വാരസ്യം പ്രകടമായി.
“ഇതിനെച്ചൊല്ലി പാർട്ടിയെ മുഴുവൻ സംശയത്തിലാഴ്ത്തി. റിതി പഥക്കിന് ടിക്കറ്റ് നൽകിയത് പാർട്ടി അതിന്റെ താഴെത്തട്ടിലുള്ള പ്രവർത്തകരോട് ഒരു വിലയും കാണിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞാൻ 20,000-ത്തിലധികം ആളുകളെ കണ്ടു, എന്റെ പദ്ധതികൾ ഞാൻ ഉടൻ പ്രഖ്യാപിക്കും," കേദാർനാഥ് ശുക്ല ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബിജെപിയുടെ സിദ്ധി മുൻ ജില്ലാ പ്രസിഡന്റ് രാജേഷ് മിശ്ര പാർട്ടിയുടെ തീരുമാനത്തെ തുടർന്ന് വിവിധ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. “ഞാൻ പാർട്ടി വിട്ടിട്ടില്ല, സിദ്ധിയിലെ ബിജെപിയുടെ വിവിധ സംഘടനകളിൽ നിന്ന് രാജിവച്ചു. തീരുമാനത്തിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. എന്നാൽ ഞാൻ എപ്പോഴത്തെയും പോലെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും. ഇതൊരു പ്രതിഷേധമായിരുന്നു, ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്, വിയോജിപ്പിന് ഇടമുണ്ട്,” അദ്ദേഹം പറഞ്ഞു.
സത്‌നയിൽ നാല് തവണ എംപിയായ ഗണേഷ് സിങ്ങിനെയാണ് കോൺഗ്രസിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ മണ്ഡലത്തിൽ 2003 മുതൽ തുടരുന്ന ബിജെപിയുടെ വിജയക്കുതിപ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ദബ്ബു സിദ്ധാർത്ഥ് സുഖ്‌ലാൽ കുശ്വാഹ അവസാനിപ്പിച്ചിരുന്നു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റ് രത്നാകർ ചതുർവേദി പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. “എന്റെ പ്രദേശത്തിന്റെ പൂർണ്ണ പിന്തുണ എനിക്കുണ്ട്, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ തന്ത്രം ഞങ്ങൾക്ക് അനുയോജ്യമല്ല. ഞങ്ങൾക്ക് മത്സരിക്കാനുള്ള സമയമാണിത്, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ ഒരു എംപിയെ കൊണ്ടുവന്നു. ഭാവിയിൽ, അവർ അവരുടെ മക്കളെ ഇവിടെ നിന്ന് മത്സരിപ്പിക്കും. എന്റെ ജീവിതത്തിലെ 15 വർഷം ഞാൻ ബിജെപിക്ക് നൽകിയിട്ടുണ്ട്. ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചേക്കില്ല, പക്ഷേ ഗണേഷ് സിങ് പരാജയപ്പെടുമെന്ന് ഞാൻ ഉറപ്പാക്കും,” ചതുർവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/09/Dissent-Footprint-in-Madhya-Pradesh.jpg)
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ബിജെപിയുടെ പഴയകാല നേതാക്കളും തമ്മിലുള്ള ചേരിപ്പോരും ബിജെപിയിൽ നീറിപ്പുകയുകയാണ്. സിന്ധ്യയുടെ വിശ്വസ്തരുടെ നീണ്ട നിര കഴിഞ്ഞ മാസങ്ങളിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മൈഹാറിൽ, സിന്ധ്യയുടെ അനുയായിയായ ശ്രീകാന്ത് ചതുർവേദിക്ക് ടിക്കറ്റ് നൽകിയത്, നിലവിലെ എംഎൽഎ നാരായൺ ത്രിപാഠിയെ ചൊടിപ്പിച്ചു.
"ഇത് എന്ത് തമാശയാണ്?" എക്സ്പ്രസിനോട് സംസാരിക്കവെ നാരായൺ ത്രിപാഠി ചോദിച്ചു. “രാജ്യം ഭരിക്കുന്നവരെ, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ ക്യാബിനറ്റ് മന്ത്രിമാരെ സംസ്ഥാനത്തേക്ക് അയക്കേണ്ടതുണ്ടോ? റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരും പോലുള്ള ജില്ലാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ജോലി ഇനി നമ്മുടെ ക്യാബിനറ്റ് മന്ത്രിമാർ ചെയ്യുമോ? നമ്മുടെ സംസ്ഥാന നേതാക്കൾ ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ഇത് ശരിയല്ല. കൈലാഷ് ജി (വിജയവർഗിയ) എന്ത് ചെയ്യും? മകൻ മത്സരിക്കേണ്ടതായിരുന്നു, ഇനി അച്ഛൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും. അദേഹത്തിന്റെ വേദനയെക്കുറിച്ച് ആരെങ്കിലും ചോദിച്ചോ? നിങ്ങൾ യുവജന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നിട്ട് പ്രായമായവരെ മത്സരിപ്പിക്കുകയാണോ?
വിന്ധ്യ പ്രദേശ് എന്ന പ്രത്യേക സംസ്ഥാനത്തിനായി പോരാടാൻ നാരായൺ ത്രിപാഠി വിന്ധ്യ ജനതാ പാർട്ടി (വിജെപി) രൂപീകരിച്ചു. 'ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ല. എനിക്ക് പാർട്ടിയിൽ നിന്ന് ടിക്കറ്റ് വേണ്ടായിരുന്നു. വിജെപി ടിക്കറ്റിൽ മത്സരിക്കണമോ വേണ്ടയോ എന്ന് ഞാനാണ് തീരുമാനിക്കുന്നത്.
ഷിയോപൂരിൽ 2003, 2013 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മുൻ എംഎൽഎ ദുർഗലാൽ വിജയിന്റെ സ്ഥാനാർഥിത്വത്തിലും ബി ജെ പിയിൽ അതൃപ്തിയുണ്ട്. 2008-ലും 2018-ലും രണ്ട് തവണ അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെട്ടു. ഇതൊക്കെയാണെങ്കിലും, പാർട്ടി അദ്ദേഹത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നു. 1980 മുതൽ പാർട്ടിയുമായി ബന്ധമുള്ള ബിജെപി മുൻ ജില്ലാ പ്രസിഡന്റ് രാധേയ് ശ്യാം റാവത്ത് വ്യാഴാഴ്ച രാജിവെച്ചു. "കഴിഞ്ഞ 30 വർഷമായി ഒരേ വ്യക്തിക്ക്" നൽകുന്ന മുൻഗണനയ്ക്ക് "മുതിർന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ഏകപക്ഷീയത" യിലും പ്രതിഷേധിച്ചായിരുന്നു അദ്ദേഹം രാജിവെച്ചത്.
മീണ സമുദായത്തിൽപ്പെട്ട ആർക്കും ഷിയോപൂരിൽ പാർട്ടിയിൽ സ്ഥാനം നൽകിയിട്ടില്ലെന്നും വൻ ഭൂരിപക്ഷത്തിൽ തോറ്റ ഒരു സ്ഥാനാർത്ഥിക്ക് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ടെന്നും രാധേയ് ശ്യാം റാവത്ത് പറഞ്ഞു.
ഉജ്ജയിനിലെ നഗാഡ-ഖച്റോഡ് മണ്ഡലത്തിൽ ഡോ. തേജ് ബഹാദൂർ സിങ്ങിന്റെ സ്ഥാനാർത്ഥിത്വത്തെ ബിജെപിയുടെ ലീഗൽ വിഭാഗത്തിന്റെ ജില്ലാ കോർഡിനേറ്റർ ലോകേന്ദ്ര മേത്ത എതിർക്കുന്നു, ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനാണ് ലോകേന്ദ്ര മേത്തയുടെ തീരുമാനം.
“ഞാൻ 25 വർഷമായി ബിജെപിക്കൊപ്പമാണ്, കേന്ദ്ര-സംസ്ഥാന നയങ്ങളും ഹിന്ദുത്വ പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കാൻ ഞാൻ എല്ലാ ഗ്രാമങ്ങളിലും പോയി. അവർ താഴെത്തട്ടിലുള്ള പ്രവർത്തകരെ മാറ്റിനിർത്തി ചേംബർ പൊളിറ്റീഷ്യൻസിന് ടിക്കറ്റ് നൽകി. കോൺഗ്രസ് കോട്ടകളിലേക്ക് നേതാക്കളെ പാരച്യൂട്ടിൽ എത്തിക്കുന്ന തന്ത്രം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല,” ലോകേന്ദ്ര മേത്ത പറഞ്ഞു.
ഓഗസ്റ്റ് 18 ന് ബിജെപിയുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചപ്പോഴും വിരലിലെണ്ണാവുന്ന സീറ്റുകളെ സംബന്ധിച്ച് അതൃപ്തി ഉയർന്നിരുന്നു. പ്രിയങ്ക മീണയുടെ സ്ഥാനാർത്ഥിത്വത്തിൽ ക്ഷുഭിതയായി ബി ജെ പി വിട്ട് ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്ന ചച്ചൗരയിൽ നിന്നുള്ള മംമ്ത മീണയാണ് അവരിൽ പ്രധാനി.
“തിരഞ്ഞെടുപ്പ് സമയത്ത്, ഓരോ പ്രവർത്തകനും തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കണമമെന്ന് കരുതുന്നു. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി തീരുമാനിച്ചത്." സ്ഥാനാർത്ഥികളെച്ചൊല്ലി പാർട്ടിക്കുള്ളിലെ അസംതൃപ്തിയെ കുറിച്ചുള്ള ചോദ്യത്തിന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഭഗവാൻ ദാസ് സബാനി പറഞ്ഞു. "ബിജെപിയിൽ കാര്യമായ വിഭാഗീയതയില്ല. എന്നാൽ അങ്ങനെയുണ്ടായാൽ ഞങ്ങൾ അവരോട് സംസാരിക്കാൻ ശ്രമിക്കും, സംഘടന അവരോട് സംസാരിക്കും," എന്നും അദ്ദേഹം വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.