ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് നിലവില്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 27-ന് നടന്ന തെലങ്കാന സ്റ്റേറ്റ് പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (ടി.എസ്.പി.എസ്.സി) പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ കഴിഞ്ഞ മാസമാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. ടി.എസ്.പി.എസ്.സിയുടെ കീഴിലുള്ള രണ്ട് ജീവനക്കാര്‍ ചോദ്യപേപ്പര്‍ ഓഫിസ് കമ്പ്യൂട്ടറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് 10 ലക്ഷം രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയിരുന്നു.
ആദ്യ ചോര്‍ച്ചയുടെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ഈ ആഴ്ച രണ്ട് ദിവസങ്ങളിലായി എസ്.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത്. പരീക്ഷ തുടങ്ങിയതിന് മിനുറ്റുകള്‍ക്ക് പിന്നാലെയായിരുന്നു സംഭവം. ഇതെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കുടുംബത്തിന് നേരെയും ആരോപണമുണ്ട്. ബിജെപിക്കെതിരെ ബിആര്‍എസിനെ പിന്തുണച്ച ഇടതുപാര്‍ട്ടികളും അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു.
എന്നാല്‍ എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് ബിആര്‍എസ് തിരിച്ചടിച്ചിരിക്കുകയാണിപ്പോള്‍. ബിആര്‍എസിനെതിരായ പ്രതിഷേധത്തിന് മുന്‍നിരയില്‍ ബന്ദി സഞ്ജയ് കുമാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെയും അദ്ദേഹം ആരോപണശരങ്ങള്‍ തൊടുത്തു.
ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവ് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ബിജെപി അധ്യക്ഷന് നോട്ടീസ് അയച്ചിരുന്നു. തന്നോട് തെളിവുകള്‍ ആവശ്യപ്പെടുന്നതിന് പകരം സംഭവം കൃത്യമായി അന്വേഷിച്ച് സത്യം കണ്ടുപിടിക്കണമെന്നായിരുന്നു ബന്ദി സഞ്ജയ് കുമാറിന്റെ മറുപടി.
എസ്.എസ്.സി തെലുങ്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി സബിദ ഇന്ദ്ര റെഡ്ഡി രാജിവയ്ക്കണമെന്ന് ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. പത്താം ക്ലാസ് പരീക്ഷ പോലും കൃത്യമായി നടത്താന്‍ സാധിക്കാത്ത കെസിആര്‍ സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ മനപ്പൂര്‍വം ചോദ്യപേപ്പര്‍ പുറത്തുവിടുകയാണെന്നും കുമാര്‍ ആരോപിക്കുന്നു.
തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടി.പി.സി.സി.) അധ്യക്ഷന്‍ എ രേവനാഥ് റെഡ്ഡിയും മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകനും ഐടി മന്ത്രിയുമായ കെ ടി രാമ റാവുവിന്റെ ഓഫിസിലുള്ളവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. രേവനാഥിനും തെളിവുകള്‍ നല്‍കാനാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് അയച്ചിരുന്നു.