കുനൂര്‍: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിങ് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷം വരുണ്‍ സിങ് ശൗര്യ ചക്ര നേടിയിരുന്നു. സങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടും യുദ്ധവിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിച്ചതിനായിരുന്നു അംഗീകാരം.
വരുണ്‍ സിങ്ങിന്റെ ചികിത്സയ്ക്കായി തമിഴ്നാട് സര്‍ക്കാര്‍ കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായാണ് വിവരം. വ്യോമസേനയ്ക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ കൊയമ്പത്തൂരിലേക്ക് മാറ്റുന്നതിനാണ് മുന്‍കരുതലായി സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണ്ണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ മുൻപാണ് അപകടമുണ്ടായത്.
വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്ററാണ് തകർന്നു വീണത്. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ക്രൂവും ഉൾപ്പെടെ 14 പേരാണുണ്ടായിരുന്നത്. ഇതില്‍ 13 പേരുടെ മരണം ഇന്ത്യന്‍ എയര്‍ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിനു സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഊട്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
Also Read: ജനറൽ ബിപിന്‍ റാവത്ത്: തന്റെ കാലത്തെ ഏറ്റവും പ്രശസ്ത സൈനികരിലൊരാള്‍