ലണ്ടന്‍: പശ്ചിമ ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടുത്തം. കെട്ടിടത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 1.16ഓടെയാണ് തീപിടുത്തമുണ്ടായത്. 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമനസേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു വരികയാണ്.

27 നില ഫ്ലാറ്റ് സമുച്ചയത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്‍​ബെഡ്ഷീറ്റുകള്‍ പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

കെട്ടിടത്തിന് അകത്തുളളവരോട് പരിഭ്രാന്തരാകേണ്ടെന്നും നനഞ്ഞ തുണി കൊണ്ട് മുഖം മൂടിക്കെട്ടാനും രക്ഷാപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി. നൂറുകണക്കിന് പേരാണ് കെട്ടിടത്തില്‍ താമസിക്കുന്നത്. 1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്​.  ഫ്ലാറ്റി​നെ പൂർണമായും തീവിഴുങ്ങി​യെന്നും 100 അകലെ വരെ ചാരം വന്നടിയുന്നു​ണ്ടെന്നും​ ദൃക്​സാക്ഷികൾ പറയുന്നു.

രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook