/indian-express-malayalam/media/media_files/2026/01/22/green-land-dispute-2026-01-22-07-43-00.jpg)
File Photo
മോസ്‌കോ: ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ സ്വാഭാവിക ഭാഗമല്ല എന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് റഷ്യയുടെ ഈ പ്രതികരണം.
Also Read:ഗ്രീൻലാൻഡിന് പിന്നാലെ ഡീഗോ ഗാർഷ്യയിലും കണ്ണ് വെച്ച് ട്രംപ്
കഴിഞ്ഞ ചൊവ്വാഴ്ച മോസ്‌കോയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ലാവ്റോവ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീൻലാൻഡിന്റെ കാര്യത്തിൽ ഇടപെടാനോ, ദ്വീപ് പിടിച്ചെടുക്കാനോ റഷ്യക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. "തത്വത്തിൽ, ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ ഒരു സ്വാഭാവിക ഭാഗമല്ലല്ലോ? അത് നോർവേയുടെയോ ഡെൻമാർക്കിന്റെയോ സ്വാഭാവിക ഭാഗമായിരുന്നില്ല. അതൊരു കൊളോണിയൽ അധിനിവേശമായിരുന്നു. അവിടുത്തെ നിവാസികൾ ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു എന്നതും അവർക്ക് അത് സൗകര്യപ്രദമാണ് എന്നതും മറ്റൊരു കാര്യമാണ്."- ലാവ്റോവ് അഭിപ്രായപ്പെട്ടു.
ദേശീയ സുരക്ഷാ കാരണങ്ങളാൽ ഗ്രീൻലാൻഡിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്ക് വേണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ദ്വീപ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ എതിർത്ത എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഫെബ്രുവരി മുതൽ 10 ശതമാനം നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read:ഗ്രീൻലാൻഡ് വാങ്ങാൻ ട്രംപിന്റെ വമ്പൻ പദ്ധതി: നിവാസികൾക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തേക്കും
റഷ്യയും ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന ട്രംപിന്റെ സൂചനയോട് റഷ്യ രൂക്ഷമായാണ് പ്രതികരിച്ചത്. അതേസമയം, വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ തന്റെ മുൻ നിലപാടുകളിൽ നിന്ന് അല്പം മയം വരുത്തിയ ട്രംപ്, ഗ്രീൻലാൻഡിന്റെ ഭാവിയെക്കുറിച്ച് നാറ്റോയ്ക്കും അമേരിക്കയ്ക്കും തൃപ്തികരമായ ഒരു ധാരണയിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സുരക്ഷാ ആവശ്യങ്ങൾക്കായാണ് ഗ്രീൻലാൻഡ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us