ചെന്നൈ: റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ കടലാസ് രഹിതമാക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കി ദക്ഷിണ റെയില്‍വേ. ട്രാവലിങ് ടിക്കറ്റ് പരിശോധകര്‍ (ടി ടി ഇ)ക്കു കൂടുതല്‍ ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലുകള്‍ (എച്ച് എച്ച് ടി) ലഭ്യമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. നിലവില്‍ ആറ് ഡിവിഷനുകളിലായി 857 ടെര്‍മിനലുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
നേരത്തെ റിസര്‍വേഷന്‍ യാത്രക്കാരുടെ ചാര്‍ട്ടുകള്‍ കടലാസില്‍ പ്രിന്റ് ചെ്താണു ടി ടി ഇമാര്‍ക്കു റെയില്‍വേ നല്‍കിയിരുന്നത്. ഭാവിയില്‍ കടലാസ് ചാര്‍ട്ടുകള്‍ പൂര്‍ണമായി ഇല്ലതാകും. ടാബ് പോലുള്ള, ഇന്റര്‍നെറ്റ് ലഭ്യതയുള്ള ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനലു(എച്ച് എച്ച് ടി)കളിലാണ് ഇനി ചാര്‍ട്ടുകള്‍ ലഭ്യമാകുക.
പരിസ്ഥിതി സൗഹൃദ സംരംഭത്തിന്റെ ഭാഗമായാണു കടലാസ് ചാര്‍ട്ടുകള്‍ ദക്ഷിണ റെയില്‍വേ ഉപേക്ഷിക്കുന്നത്്. യാത്രക്കാര്‍ക്കു ഒഴിവുള്ള ബര്‍ത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം അറിയാനും എച്ച് എച്ച് ടി വ്യാപമാക്കുന്നതു സഹായിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
ടിക്കറ്റ് റദ്ദാക്കലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എച്ച് എച്ച് ടികളില്‍ ഓരോ മണിക്കൂറിലും ലഭിക്കും. ഇതുമൂലം വ്യാജയാത്രകളും എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
”ടി ടി ഇമാര്‍ക്കു ടിക്കറ്റുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും പുതിയ ബര്‍ത്തുകളോ സീറ്റുകളോ നല്‍കുന്നതു വേഗത്തിലാക്കാന്‍ കഴിയും. കൂടാതെ, താമസ സൗകര്യം ഉയര്‍ത്താനും താഴ്ത്താനും ഭക്ഷണത്തിനും ബെഡ്റോളുകള്‍ക്കുമുള്ള ആവശ്യകത എന്നിവ കണക്കാക്കുന്നതു വേഗത്തിലാക്കാനും കഴിയും,” ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന ലളിതമാക്കുന്നതിനായി 2018 ഡിസംബര്‍ 31 മുതലാണു പരീക്ഷണാടിസ്ഥാനത്തില്‍ എച്ച് എച്ച് ടികള്‍ ഉപയോഗിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ രണ്ട് ട്രെയിനുകളിലായിരുന്നു പരീക്ഷണം.
നിലവില്‍ ചെന്നൈ റെയില്‍വേ ഡിവിഷനില്‍ മാത്രം 246 എച്ച് എച്ച് ടികള്‍ ഉപയോഗിക്കുന്നുണ്ട്. , തിരുവനന്തപുരം (148), പാലക്കാട് (140), സേലം (124), തിരുച്ചിറപ്പള്ളി (101), മധുര (98) എന്നീ ഡിവിഷനുകളിലാണു ബാക്കിയുള്ള എച്ച് എച്ച് ടികള്‍ ഉപയോഗിക്കുന്നത്.
മധുര-ചെന്നൈ എഗ്മോര്‍ തേജസ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – തിരുച്ചിറപ്പള്ളി റോക്ക്‌ഫോര്‍ട്ട് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ – സേലം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള ട്രെയിനുകളില്‍ ടി ടി ഇമാര്‍ ടെര്‍മിനലുകള്‍ ഉപയോഗിച്ചിരുന്നു. ഘട്ടംഘട്ടമായി കൂടുതല്‍ ട്രെയിനുകളില്‍ ഉടന്‍ അവതരിപ്പിക്കും.