നോയിഡ: ഉത്തർപ്രദേശിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെ കാറിൽ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഇവരെ തടയാൻ ശ്രമിച്ച യുവാവിനെ ആക്രമികൾ വെടിവച്ചു കൊന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ഉത്തര്‍ പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയിലാണ് ആക്രമിക്കപ്പെട്ടതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഉത്തർപ്രദേശിലെ സഹരാൺപൂരിൽ കലാപം പടരുന്നു , ദളിതനെ തല്ലിക്കൊന്നു

യാത്രാമദ്ധ്യേ രാത്രി ഒരു മണിയോടെ ഇവര്‍ സഞ്ചരിക്കുന്ന കാര്‍ ഹൈവേയുടെ മധ്യത്തില്‍ വച്ച് ഒരു ലോഹവസ്തുവില്‍ തട്ടി നിൽക്കുകയായിരുന്നു. ശേഷം ആറംഗ അക്രമി സംഘം ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതു കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം ഇവരുടെ പണവും മറ്റും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Also Read: ഉടമകളെ വെടിവെച്ച് കൊലപ്പെടുത്തി ജ്വല്ലറി കൊള‌ളയടിക്കുന്ന വീഡിയോ പുറത്ത്; യുപിയിൽ ക്രമസമാധാനം താറുമാറായെന്ന് പ്രതിപക്ഷം

ഉത്തർപ്രദേശിലെ ക്രമസമാധാനനില പാടെ താറുമാറായെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് സംഭവം എന്നത് യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആറംഗ കവർച്ചാസംഘം രണ്ട് പേരെ വെടിവെച്ച് കൊന്ന് ജ്വല്ലറി കൊള്ളയടിച്ചതും ബൈക്കിലെത്തിയ സംഘം വഴിയാത്രക്കാരനായ വൃദ്ധനെ കൊലപ്പെടുത്തി നാല് ലക്ഷം രൂപ മോഷ്ടിച്ചതും വലിയ വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ