ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജിലാലിന്റെ സന്ദര്‍ശക മുറിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കുത്തിയിരിപ്പ് സമരം. ജോലി ബഹിഷ്‌കരിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷന്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിമേല്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

നേരത്തെ മുമ്പ് ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നല്‍കിയാല്‍ 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയമസഭയിൽ പറഞ്ഞിരുന്നു. ഡല്‍ഹിയുടെ ആവശ്യം പരിഗണിച്ചാല്‍ എല്ലാ വോട്ടുകളും നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാരിന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ ഓരോ വോട്ടും ബിജെപി സര്‍ക്കാരിനാണെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രചാരണം നടത്തും’, ഡല്‍ഹി നിയമസഭയില്‍ കേജ്‌രിവാള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി നിയമസഭയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ ആയിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന. ഒട്ടേറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി നിയമസഭ സാക്ഷ്യം വഹിച്ചത്. തുടക്കത്തില്‍ തന്നെ പ്രതിപക്ഷം സഭ തടസപ്പെടുത്തുകയും ഇറങ്ങിപോവുകയും ചെയ്‌തു. പിന്നീട് മടങ്ങി വന്ന പ്രതിപക്ഷം ബിജെപി എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സയുടേയും വിജേന്ദര്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങി. നഗരത്തിലെ ജല ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഞായറാഴ്‌ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ ഡല്‍ഹിയെ സംസ്ഥാനമാക്കുക എന്ന ആവശ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി താരതമ്യം ചെയ്‌താണ് കേജ്‌രിവാള്‍ സംസാരിച്ചത്. ” ബ്രിട്ടീഷുകാരെ തുരത്താന്‍ മഹാത്മ ഗാന്ധി ക്വിറ്റ്‌ ഇന്ത്യാ സമരം നടത്തി. ഇനി എഎപി ലഫ്റ്റനന്റ് ജനറല്‍ ഡല്‍ഹി ഛോടോ ക്യാംപെയ്ന്‍ ആരംഭിക്കും”, കേജ്‌രിവാള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ