കാത്തിഹാര്‍: ലോക്ക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തില്‍ നിന്നു രക്ഷതേടി വീടുകളിലേക്ക് മടങ്ങുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുടെ ശക്തിയേറിയ പ്രതിബിംബമായി ആ വീഡിയോ ദൃശ്യം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മാറിയിരുന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മരിച്ചു കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ബാലന്റെ ദൃശ്യങ്ങളായിരുന്നു അത്. അമ്മ മരിച്ചുപോയിയെന്ന് ആ കുഞ്ഞിന് അറിയില്ലായിരുന്നു.

ഇന്ന് ആ ദൃശ്യങ്ങള്‍ക്കൊരു പേരുണ്ട്. കാത്തിഹാറിലെ മാര്‍ദംഗി ഗ്രാമത്തിലെ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഒറ്റമുറിയിലെ ഒരു തകര്‍ന്ന കുടുംബം. കൂടെ, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളും.

മരിച്ചു പോയ അര്‍വീണ ഖത്തൂന്റെ രണ്ട് ആണ്‍മക്കളായ ദൃശ്യത്തില്‍ കാണുന്ന നാല് വയസ്സുകാരനായ അര്‍മാനും 18 മാസം പ്രായമുള്ള റഹ്മത്തും ഇപ്പോള്‍ അമ്മയുടെ മാതാപിതാക്കളായ ഷെയ്‌റൂണിന്റേയും വോക മിറിന്റേയും സംരക്ഷണയിലാണ്. ഭൂരഹിതരായ കൂലിവേലക്കാരനാണ് അര്‍വീണയുടെ പിതാവ്. ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയി.

Read Also: അഞ്ചാം ഘട്ട ലോക്ക്‌ഡൗണ്‍ പ്രഖ്യാപനം ഇന്ന്; ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചേക്കും

“ഈ കുട്ടികള്‍ക്കുവേണ്ടി ഞാന്‍ വീണ്ടും അമ്മയാകണം,” ഷെയ്‌റൂണ്‍ പറയുന്നു. “എന്റെ കണ്ണുകള്‍ക്ക് മുന്നിലെ അവരുടെ മരണം എന്നെ അലട്ടുന്നു,” അര്‍വീണയുടെ സഹോദരീ ഭര്‍ത്താവായ മുഹമ്മദ് വസിര്‍ പറയുന്നു. 35 വയസ്സുണ്ടായിരുന്ന അര്‍വീണയ്ക്കും മക്കള്‍ക്കുമൊപ്പം ട്രെയിന്‍ യാത്രയില്‍ വസീറുമുണ്ടായിരുന്നു.

ഈ മരണം സംസ്ഥാനത്തേയും പിടിച്ചുലച്ചു. മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം കുട്ടികള്‍ക്കുവേണ്ടി 4000 രൂപ വീതം മാസം തോറും അര്‍വീണയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. കൂടാതെ, ഒറ്റത്തവണ സഹായധനമായി മുഖ്യമന്ത്രിയുടെ കുടുംബ സഹായ പദ്ധതിയില്‍ നിന്നും 20,000 രൂപയും നല്‍കി. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ തേജ്വസി പ്രസാദ് യാദവ് അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നല്‍കി.

ഈ മരണം, ഒരു നിര ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു.

മെയ് 23-ന് അഹമ്മദാബാദില്‍ നിന്നും ശ്രമിക് പ്രത്യേക ട്രെയിന്‍ കയറിയ അര്‍വീണ ഭക്ഷണം ലഭിക്കാതെയാണ് മരിച്ചതെന്ന് വസീര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം കൈമാറിയതെന്ന് അവരുടെ കുടുംബവും പറയുന്നു. കൂടാതെ, കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തതുമില്ല.

Read Also: പ്രഗ്യ സിങ് കാൻസർ ചികിത്സയിൽ; ‘കാണ്മാനില്ല’ എന്ന പോസ്റ്ററുകൾക്ക് ബിജെപിയുടെ പ്രതികരണം

ഛപ്രയിലെ ട്രെയിനില്‍ വച്ച് സ്വാഭാവിക മരണം സംഭവിച്ചുവെന്ന് പറയുന്ന റെയില്‍വേ പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദൃക്ഷ്‌സാക്ഷിയുടെ മൊഴിയായി ഭക്ഷ്യവിഷബാധയാകും മരണ കാരണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളെ അറിയിക്കാതെ കുടുംബം മൃതദേഹം സംസ്‌കരിച്ചതു കൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നതെന്ന് കാത്തിഹാര്‍ ഭരണകൂടം പറയുന്നു.

ഉത്തരം കണ്ടെത്തുക ശ്രമകരമാണ്.

ട്രെയിനില്‍ ഭക്ഷണത്തിന് കുറവുണ്ടായിരുന്നില്ലെന്നാണ് തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വാസിര്‍ പറഞ്ഞത്.

എന്നാല്‍ “ആ സമയത്ത് എനിക്ക് ബോധമുണ്ടായിരുന്നില്ല. എന്താണ് സംസാരിക്കുന്നതെന്ന് ഞാന്‍ അറിയിരുന്നില്ല. മെയ് 23-ന് അഹമ്മദാബാദില്‍ നിന്നും ആഹാരം കഴിച്ച ഞങ്ങള്‍ പിന്നീട് ആഹാരം കഴിച്ചത് മെയ് 25-ന് മുസാഫര്‍പൂരില്‍ നിന്നാണ്,” വെള്ളിയാഴ്ച്ച ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വസീര്‍ പറഞ്ഞു.

ഈ വാദത്തെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. “ഭരണകൂടത്തെ അറിയിക്കാതെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്തു,” കാത്തിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ് കണ്‍വന്‍ തനൂജ് പറയുന്നു. വീടുവയ്ക്കുന്നതിന് കുടുംബത്തിന് ഭൂമി നല്‍കുമെന്ന് തനൂജ് ഉറപ്പ് പറയുന്നു.

സര്‍ക്കാരിന്റെ ഭൂമിയില്‍ പണിതിരിക്കുന്ന വീടിന് മുന്നിലിരിക്കുന്ന ഷെയ്‌റൂണിനും മിറിനും ഇതൊന്നും മനസ്സിലാകുന്നില്ല.

Read Also: മൊബൈൽ നമ്പറിൽ 11 അക്കം, ലാൻഡ് ഫോണിൽ നിന്ന് വിളിക്കുമ്പോൾ പൂജ്യം ചേർക്കണം: ശുപാർശകളുമായി ട്രായ്

“അവള്‍ ഞങ്ങളുടെ മൂന്നാമത്തെ മകളാണ്. ഒരു ബ്രോക്കര്‍ വഴി യുപിയിലെ ബറേയ്‌ലിയിലെ ഒരാളുമായി ഏഴ് വര്‍ഷം മുമ്പ് വിവാഹം നടത്തി. അവളുടെ ഭര്‍ത്താവ് മുഹമ്മദ് ഇസ്ലാം രണ്ട് തവണ ബറേയ്‌ലിയിലേക്ക് കൊണ്ടു പോയി. രണ്ട് വര്‍ഷം മുമ്പ് വിവാഹ മോചനം നടത്തുകയും ചെയ്തു. ആ സമയത്ത് റഹ്മത്തിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു,” 55 വയസ്സുകാരിയായ ഷെയ്‌റൂണ്‍ പറയുന്നു.

“ഞങ്ങള്‍ക്ക് കൃഷി ഭൂമിയില്ല. കൂടാതെ, എന്റെ ഭര്‍ത്താവിന് ശാരീരികാദ്ധ്വാനമുള്ള ജോലി ചെയ്യാനും സാധിക്കില്ല. അവളെ ഞങ്ങള്‍ക്കൊപ്പം നിര്‍ത്തുക ബുദ്ധിമുട്ടായിരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് ജോലിയൊന്നും ലഭിക്കില്ല,” അവര്‍ പറയുന്നു.

ആ സമയത്താണ് വസീര്‍ അഹമ്മദാബാദില്‍ ജോലി കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ തന്റെ കുടുംബത്തിനൊപ്പം അര്‍വീണയേയും കൊണ്ടുപോയത്.

“എട്ടുമാസം മുമ്പാണ് അവര്‍ കുഞ്ഞുങ്ങളുമൊത്ത് അഹമ്മദാബാദിലെത്തിയത്. അവിടെ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് മേസ്തിരിയുടെ സഹായിയായി ജോലി ചെയ്തു തുടങ്ങി. ദിവസം 300 രൂപ ലഭിച്ചിരുന്നു. അവര്‍ സന്തോഷവതിയായിരുന്നു. എന്റെ ഭാര്യയ്ക്കും മകനുമൊപ്പം അര്‍വീണയും രണ്ടു മക്കളും ഒരു വാടക വീട്ടില്‍ കഴിഞ്ഞു,” വസീര്‍ പറയുന്നു. അഹമ്മദാബാദില്‍ തന്നെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ വസീറിന് മാസം 7000 രൂപയുടെ വരുമാനമാണുള്ളത്.

Read Also: ഇന്ത്യക്ക് പകരം ‘ഭാരത്’: ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി ജൂൺ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും

“പക്ഷേ, ലോക്ക്ഡൗണ്‍ ഞങ്ങളുടെ ജീവിതത്തെ പെട്ടെന്ന് മാറ്റിമറിച്ചു,” വസീര്‍ പറഞ്ഞു.

കഴിഞ്ഞ മാസം മകള്‍ക്കായി 3000 രൂപ കടം വാങ്ങേണ്ടി വന്നിരുന്നതായി അര്‍വീണയുടെ പിതാവ് പറയുന്നു. “പക്ഷേ, ലോക്ക്ഡൗണ്‍ തുടരുകയും സാധാരണനിലയിലേക്ക് മടങ്ങുമെന്ന് ഉറപ്പില്ലാത്തതും മൂലം അവര്‍ തൊഴിലിനായി ഗ്രാമത്തിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചു,” 60 വയസ്സുള്ള മിര്‍ പറയുന്നു.

“ഞാന്‍ മകളെ സ്വീകരിക്കാന്‍ കാത്തിരുന്നു. പക്ഷേ, വീട്ടിലേക്ക് വന്നത് മകളുടെ മൃതദേഹമാണ്,” പിതാവ് പറയുന്നു.

Read in English: ‘Now I will have to become a mother to these children all over again’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook