ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ വിശാലസഖ്യം, മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായി വളർന്നതെന്ന് രാഹുൽ ഗാന്ധി. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒഴിവാക്കാനാത്ത ശക്തിയായി വിശാല പ്രതിപക്ഷ സഖ്യം വളർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

“ഇത് ജനങ്ങളുടെ വികാരമാണ്. അല്ലാതെ ബിജെപിയെയും ആർഎസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എതിർക്കാൻ ഒരു കൂട്ടം പ്രതിപക്ഷ കക്ഷികൾ ഒന്നുചേരുന്നതല്ല,” അദ്ദേഹം പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.

എന്നാൽ ആരാവും വിശാല പ്രതിപക്ഷ സഖ്യത്തെ നയിക്കുകയെന്ന ചോദ്യത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. പക്ഷെ ആർഎസ്എസിനും ബിജെപിക്കും മോദി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ അഴിച്ചുവിട്ടത്.

പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയും ഭരണഘടനയെ തകർക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്ന തരം ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ