ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖയില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതികള്‍ക്കായി കേന്ദ്രം 25000 കോടി രൂപ അനുവദിക്കും. എസ്ബിഐ, എല്‍ഐസി എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി. മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്.

സ്‌പെഷല്‍ വിന്‍ഡോ എന്നു പേരിട്ടിരിക്കുന്ന പദ്ധതി 1600 ഭവന പദ്ധതികള്‍ക്ക് ഉപകരിക്കും. 4.58 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 25000 കോടിയില്‍ 10000 കോടി സര്‍ക്കാര്‍ നല്‍കും. ബാക്കിത്തുക എസ്ബിഐ, എല്‍ഐസി വഴിയായിരിക്കും സമാഹരിക്കുക.

ഘട്ടം ഘട്ടമായാണ് ഫണ്ട് വിതരണം ചെയ്യുക. പദ്ധതി മുടങ്ങിക്കിടക്കുന്ന പല ഭവനപദ്ധതികള്‍ക്കും സഹായകരമാകുമെന്നും എന്‍സിഎല്‍ടി കോടതിയിലുള്ള പദ്ധതികള്‍ക്കും ഫണ്ട് ലഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിര്‍മാണവസ്തുക്കളായ സിമന്റ്, സ്റ്റീല്‍ തുടങ്ങിയ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അത് സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന പല മേഖലകള്‍ക്കും ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook