ബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന്​ പിന്നാലെ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ. അവിശുദ്ധമായ കൂട്ടുകെട്ടാണ്​ കർണാടകയിൽ കോൺഗ്രസ്​ ജെ.ഡി.എസ്​ സഖ്യം ഉണ്ടാക്കിയതെന്ന്​ അമിത്​ ഷാ പറഞ്ഞു. ഇത് അധികകാലം നീണ്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തളളിക്കളഞ്ഞു.

ബിജെപി കര്‍ണാടകയില്‍ അടിയറവ് പറഞ്ഞതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ്​ കർണാടകയിലെ എം.എൽ.എമാർ ചെയ്​തതെന്നും അമിത്​ ഷാ വ്യക്​തമാക്കി. ഇന്ത്യ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അമിത്​ ഷായുടെ വാക്കുകള്‍.

‘എന്തെങ്കിലും തെറ്റായ നീക്കങ്ങള്‍ക്ക് ബിജെപി ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തിയതിനൊപ്പം തന്നെ കുതിരാലയം മൊത്തത്തില്‍ വാങ്ങി ജനവിധി മാറ്റിമറിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ കാര്യമായിട്ട് എടുക്കുന്നില്ല. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികൾ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്​ച നടത്തിയിരുന്നെങ്കിൽ ജനകീയ സമ്മർദം മൂലം അവർ ബി.ജെ.പിയെ പിന്തുണ​​ക്കുമായിരുന്നു. എത്ര കാലമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അവിശുദ്ധ കൂട്ടുകെച്ച് കൊണ്ടുണ്ടാക്കിയ സഖ്യം അധികകാലം മുന്നോട്ട് പോകില്ല’, അമിത് ഷാ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ