ന്യൂഡൽഹി: കോവിഡ് വാക്സിന് അംഗീകാരം നൽകുന്നതിന് മുൻപുള്ള ഒരു പ്രോട്ടോക്കോളിലും സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
“നാം പോളിയോ പ്രതിരോധ കുത്തിവെപ്പിന്റെ ഡ്രൈ റൺ നടത്തുമ്പോഴും ഇത്തരം സംശയങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നു. എന്നാൽ നാം അതിന്റെ വിജയത്തെ കുറിച്ച് ഓർക്കണം. കോവിഡ് -19 വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വാക്സിൻ അംഗീകരിക്കുന്നതിന് മുമ്പുള്ള ഒരു പ്രോട്ടോക്കോളിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല,” അദ്ദേഹം വ്യക്തമാക്കി.
ഡ്രൈ റൺ നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി ഹർഷ് വർധൻ ശനിയാഴ്ച ദേശീയ തലസ്ഥാനത്തെ ജിടിബി ആശുപത്രി സന്ദർശിച്ചു. കോവിഡ് -19 വാക്സിൻ നൽകാനുള്ള ഏറ്റവും നല്ല മാർഗം മനസിലാക്കാൻ ഇന്ന് രാജ്യത്തുടനീളം ആശുപത്രികൾ ഡ്രൈ റൺ നടത്തുന്നു.
ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയിരുന്ന മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതായും മന്ത്രി വ്യക്തമാക്കി.
ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിന് വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്സിന് ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർ ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു നീതി ആയോഗ് അംഗവും കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.