ന്യൂഡല്‍ഹി: ആധാറും ഡ്രൈവിങ് ലൈസന്‍സും ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്.
”ഡ്രൈവിങ് ലൈസന്‍സും ആധാറും നിര്‍ബന്ധമായും ലിങ്ക് ചെയ്യണമെന്ന നിയമം ഞങ്ങള്‍ ഉടനെ കൊണ്ടു വരും. ഇപ്പോള്‍ സംഭവിക്കുന്നത് എന്താണെന്നു വച്ചാല്‍, വണ്ടിയിടിച്ചിട്ട ശേഷം രക്ഷപ്പെട്ടു പോയി ഡുപ്ലിക്കേറ്റ് ലൈസന്‍സ് ഉണ്ടാക്കും. എന്നിട്ട് പഴയതു പോലെ സ്വതന്ത്ര്യമായി നടക്കും. പക്ഷെ ആധാറുമായി ലിങ്ക് ചെയ്താല്‍ പേരുമാറ്റാന്‍ സാധിച്ചാലും ബയോമെട്രിക് വിവരങ്ങള്‍ മാറ്റാനാകില്ല. അതുകൊണ്ട് ഡുപ്ലിക്കേറ്റ് ലൈസന്‍സ് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് പണക്കാരും സാധാരണക്കാരും തമ്മിലുള്ള അകലം കുറഞ്ഞെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. രാജ്യത്ത് 123 കോടി ആധാര്‍ കാര്‍ഡുകളും, 121 കോടി മൊബൈല്‍ ഫോണുകളും 44.6 കോടി സ്മാര്‍ട്ട് ഫോണുകളും 56 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമാണുളളത്. ഈ കൊമേഴ്സില്‍ 51 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.