ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ സർപ്ലസ് പണത്തിൽ കണ്ണുവച്ച് കേന്ദ്രസർക്കാർ. 6.9 ലക്ഷം കോടിയിൽ 3.6 ലക്ഷം കോടി തങ്ങൾക്ക് നൽകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇതിന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ നടക്കില്ലെന്ന മറുപടിയാണ് നൽകിയത്.

കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഗവർണറും തമ്മിലുളള തർക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഇതേ തുടർന്നാണ്. റിസർവ് ബാങ്കിന്റെ സർപ്ലസ് തുക കേന്ദ്രവും റിസർവ് ബാങ്കും ഒരുമിച്ച് കൈകാര്യം ചെയ്യാനുളള പദ്ധതിയാണ് ധനകാര്യ മന്ത്രാലയം മുന്നോട്ട് വച്ചത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അപ്പാടെ അട്ടിമറിക്കുന്ന നിലയിലേക്കേ ഈ നടപടി എത്തിച്ചേരൂ എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സമ്പദ് വ്യവസ്ഥയെ അപ്പാടെ തകിടംമറിക്കുന്ന ഈ നടപടിക്ക് കൂട്ടുനിൽക്കാനാവില്ലെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കിയിരിക്കുന്നത്.

സർപ്ലസ് ഫണ്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ റിസർവ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നിലപാട് ഏകപക്ഷീയമാണെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ യോഗത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തില്ലെന്നും ധനകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

ആർബിഐ അവരുടെ മൂലധന ആവശ്യങ്ങൾ അധികമായി കണക്കാക്കിയിരിക്കുന്നുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തുന്നു. റിസർവ് ബാങ്കിന് ഇത്രയും പണത്തിന്റെ ആവശ്യമില്ല. അതിൽ 3.6 ലക്ഷം കോടി തങ്ങൾക്ക് നൽകണം എന്നാണ് അരുൺ ജെയ്റ്റ്‌ലി സ്വീകരിച്ചിരിക്കുന്ന നിലപാട്.

കഴിഞ്ഞ വർഷം 50000 കോടി രൂപയാണ് കേന്ദ്രത്തിന് റിസർവ് ബാങ്ക് നൽകിയത്. ഇതിന് മുൻപ് 30659 കോടി രൂപയും നൽകി. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ 28 ശതമാനം അധികം സർപ്ലസ് തുക റിസർവ് ബാങ്ക് സൂക്ഷിക്കുന്നുവെന്നാണ് മന്ത്രാലയം പറയുന്നത്.

എന്നാൽ രാജ്യത്തെ ബാങ്കുകളുടെ ബാങ്കായ റിസർവ് ബാങ്കിന്റെ സർപ്ലസ് തുക, വിപണിയിലെ നിയന്ത്രണങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയെ താളം തെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. സർപ്ലസ് തുക മാക്രോ ഇക്കണോമിക്സിന്റെ അടിസ്ഥാനത്തിലുളളതാണ്. ഇതിൽ കേന്ദ്രത്തിന് നിയന്ത്രണം നൽകിയാൽ അത് റിസർവ് ബാങ്കിന്റെ അധികാരം കൂടി നഷ്ടപ്പെടുന്ന തരത്തിലുളളതാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook