ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം. ഇതു സംബന്ധിച്ച കത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചു.
മ്യൂകർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. നേരത്തെ കടുത്ത പ്രമേഹ രോഗികളെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളിലും സ്ഥിരീകരിക്കുന്നുണ്ട്. കോവിഡ് മൂലമുള്ള മ്യൂകർമൈക്കോസിസ് കേസുകൾ രാജ്യത്ത് വർധിച്ചു വരികയാണ്.
പ്രധാനമായും രണ്ട് കാരണങ്ങൾ മൂലമാണ് ഈ വർധനവ് ഉണ്ടാകുന്നത്. പ്രമേഹമുള്ള കോവിഡ് രോഗികൾക്ക് ഈ ഫംഗസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്‌ഡിന്റെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.
മേയ് 15 മുതൽ ദേശിയ രജിസ്റ്ററിയിലൂടെ ഐസിഎംആർ ബ്ലാക്ക് ഫംഗസ് രോഗം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ രോഗം വർധിക്കുന്നതിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ എല്ലാ കേസുകളും ജില്ലാ തല മെഡിക്കൽ ഓഫീസർമാർ ഐഡിഎസ്പിയിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
“1897ലെ എപിഡെമിക് ഡിസീസ് ആക്ട് പ്രകാരം മ്യൂകർമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ നിർദേശിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പാലിക്കാനും രോഗം സ്ഥിരീകരിക്കുന്നതോ സംശയിക്കുന്നതോ ആയ എല്ലാ കേസുകളും ആരോഗ്യ വകുപ്പിലെ ജില്ലാ തല മെഡിക്കൽ ഓഫീസർമാർ ഐഡിഎസ്പി സർവൈലൻസ് സിസ്റ്റത്തിൽ അറിയിക്കണം” കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.
Read Also: കൂടുതൽ വിവരങ്ങൾ ലഭ്യമാകാതെ ഉപയോഗിക്കില്ല; ഡിആർഡിഒ കോവിഡ് മരുന്നിനെക്കുറിച്ച് വിദഗ്ധർ
പുതുതായി പ്രമേഹ രോഗികളാകുന്നവരിലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വ്യാഴാഴ്ച പറഞ്ഞു. ഇത്തരം രോഗികളിൽ കൊറോണ വൈറസ് പാൻക്രിയാസിൽ പ്രവേശിക്കുകയും രക്ത സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നുണ്ട്.
സർക്കാരുകൾക്ക് അയച്ച കത്തിൽ, നേത്ര രോഗ വിദഗ്ധൻ, ഇഎൻടി സ്പെഷ്യലിസ്റ്റ്, ജനറൽ സർജൻ, ന്യുറോ സർജൻ എന്നിവരുടെ കൂട്ടായ പ്രവർത്തനവും ബ്ലാക്ക് ഫംഗസ് രോഗത്തിൽ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറഞ്ഞു.