ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണലുകളുടെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുളള വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കേന്ദ്ര റവന്യൂ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രത്തിന്റെ മറ്റു 18 ട്രൈബ്യൂണലുകളിൽ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുളള വ്യവസ്ഥകളും അവരുടെ ആനുകൂല്യങ്ങളും ഇതോടൊപ്പം ഭേദഗതി ചെയ്തു.

റിട്ട.സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ഹരിത ട്രൈബ്യൂണൽ ചെയർ പേഴ്സനാകണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതു മാറ്റി കേന്ദ്ര സർക്കാർ അവരല്ലാത്തവരെയും ട്രൈബ്യൂണലിന്റെ ചെയർ പേഴ്സനാകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. നിയമ, പരിസ്ഥിതി രംഗത്ത് 25 വർഷം പ്രവർത്തന പരിചയമുളളതായി തെളിയിച്ചാൽ ജഡ്ജിമാരല്ലാത്തവരെയും ചെയർപേഴ്സനായി നിയമിക്കാൻ ഇനി സർക്കാരിന് സാധിക്കും. പുതിയ വിജ്ഞാപനം അനുസരിച്ച് ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗവും റിട്ട.ഹൈക്കോടതി ജഡ്ജിയാകണമെന്നില്ല. 10 വർഷം നിയമ ഉദ്യോഗസ്ഥനായിരുന്നാൽ മതി.

അധ്യക്ഷന്റെ കാലാവധി 5 വർഷത്തിൽനിന്നും 3 വർഷമാക്കി വെട്ടിച്ചുരുക്കി. സർക്കാർ നിയന്ത്രണത്തിലുളള വനം, പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുട നേതൃത്വത്തിലുളള സമിതിയാണ് ട്രൈബ്യൂണൽ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുക. അധ്യക്ഷനും അംഗങ്ങൾക്കും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർക്കുളള ആനുകൂല്യങ്ങൾക്ക് പകരം ഐഎഎസ് ഉദ്യോഗസ്ഥർക്കുളള ആനുകൂല്യങ്ങൾ മാത്രമായിരിക്കും ഇനി മുതൽ ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ