ന്യൂഡൽഹി: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ മെയ് 23ന് പുറത്തിറക്കിയ വിജ്ഞാപനം പിൻവലിച്ചത്.
വിജ്ഞാപനം അനുസരിച്ച് പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി വില്ക്കാന് പാടില്ലെന്നായിരുന്നു ഉത്തരവ്. മതചടങ്ങുകളുടെ ഭാഗമായി ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 38 -ാം ഉപവകുപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടങ്ങൾക്ക് രൂപം നൽകി വിജ്ഞാപനം ഇറക്കിയത്. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കശാപ്പ് നിരോധനത്തെ എതിർത്ത് രംഗത്തെത്തി.
തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കേന്ദ്ര സർക്കാരിന് നേരിടേണ്ടി വന്നത്. അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നായിരുന്നു സംസ്ഥാനങ്ങളുടെ വാദം. പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മൃഗസരംക്ഷണ പ്രവർത്തകരോടും ചർച്ചകൾ നടത്തി. വിജ്ഞാപനം പിൻവലിക്കുമെന്ന സൂചന ആദ്യം നൽകിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷവർദ്ധനായിരുന്നു.
വിജ്ഞാപനം പിൻവലിച്ചു പുതിയത് ഇറക്കുന്നതു സംബന്ധിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേന്ദ്ര നിയമമന്ത്രാലയത്തിനു കത്തയച്ചിരുന്നു. നിയമമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയാണ് വിജ്ഞാപനം പിൻവലിച്ചത്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ഭേദഗതികളോടെ പുതിയ കരട് വിജ്ഞാപനം ഉടൻതന്നെ പുറത്തിറക്കാനാണ് കേന്ദ്രം തയാറെടുക്കുന്നത്.
വിജ്ഞാപനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചു കേന്ദ്രം കഴിഞ്ഞ മേയ് 23നു സംസ്ഥാനങ്ങളുടെ അഭിപ്രായമാരാഞ്ഞിരുന്നു. പുതുക്കിയ വിജ്ഞാപനം എപ്പോൾ ഇറങ്ങുമെന്നു വ്യക്തമാക്കാനാകില്ലെന്നു പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി സി.കെ. മിശ്ര പറഞ്ഞു.