ന്യൂഡൽഹി: വ്യോമസേനയ്ക്കായി 110 പോർ വിമാനങ്ങൾക്കായി ലക്ഷം കോടിയുടെ പുതിയ പദ്ധതി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചു. ബോയിംഗ്, ലോക്‌ഹീഡ് മാർട്ടിൻ, സാബ്, ദസോൾട്ട് ഏവിയേഷൻ എന്നിവരാണ് സർക്കാരിന്റെ പരിഗണനയിലുളളത്. ഇന്ത്യയിൽ തന്നെ വിമാനങ്ങളുടെ 85 ശതമാനവും നിർമ്മിക്കണമെന്ന നിബന്ധന സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ മേയ്‌ക് ഇൻ ഇന്ത്യ പ്രചാരണത്തിന് ശക്തിയേകാൻ സാധിക്കും വിധം പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രസർക്കാരിന്റെ ആലോചന. ലോക്‌ഹീഡ് എന്ന അമേരിക്കൻ കമ്പനി ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസിനൊപ്പമാണ് പദ്ധതിക്കായുളള പ്രവർത്തനങ്ങൾക്ക് മുന്നോട്ട് വന്നത്.

അതേസമയം സ്വീഡിഷ് കമ്പനിയായ സാബ്, ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പുമായാണ് ചേർന്നിരിക്കുന്നത്. മറ്റ് കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ പങ്കാളികളാരെന്ന് വ്യക്തമാക്കിയിട്ടില്ല.

സോവിയറ്റ് കാലത്തെ മിഗ് – ഫൈറ്റർ വിമാനങ്ങൾക്ക് പകരം പുതിയ പോർവിമാനങ്ങൾക്കായുളള രാജ്യത്തിന്റെ തിരച്ചിൽ 2003 ലാണ് ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ