ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍ ചര്‍ച്ചയാകുന്നു. മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ സഭയില്‍ അനുമതി ലഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനും വോട്ടെടുപ്പിനും ശേഷമാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരണം ആരംഭിച്ചത്. പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു.
മുത്തലാഖ് ബില്‍ മതവുമായി ബന്ധപ്പെട്ട വിഷയമല്ല എന്നും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ഉള്ളതാണെന്നും നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബിൽ സ്ത്രീ സംരക്ഷണം മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പറഞ്ഞത്. മുത്തലാഖിലൂടെ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ബില്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കള്‍ 15 സൂചിപ്പിച്ചാണ് മുത്തലാഖ് ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മുത്തലാഖ് ബില്‍.
Read Also: ‘ബിജെപിയുടെ മാനിഫെസ്റ്റോയിലുള്ളത്’; മുത്തലാഖ് ബില്‍ വീണ്ടും സഭയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
പ്രതിപക്ഷം ബില്ലിനെ അതിശക്തമായി എതിര്‍ത്തു. മുത്തലാഖിനെതിരാണെങ്കിലും മുത്തലാഖ് ക്രിമിനല്‍ കേസാക്കുന്ന ബില്ലിനെ എതിര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ശശി തരൂര്‍ എംപി ലോക്സഭയില്‍ പറഞ്ഞു. പ്രതിപക്ഷ എംപിമാരെല്ലാം ബില്ലില്‍ എതിര്‍പ്പ് അറിയിച്ചു. നേരത്തെ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല.
Read Also: ‘ഇത് ബിജെപിയെ പ്രതിരോധത്തിലാക്കും’: ശബരിമല ബില്ലിനെ കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ ഉച്ചയ്ക്ക് ശേഷം ലോക്സഭയില്‍ ചര്‍ച്ച ചെയ്യാനാണ് സാധ്യത. കേരളത്തില്‍ നിന്നുള്ള എന്‍.കെ.പ്രേമചന്ദ്രന് എംപിയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുക. ബില്ലില്‍ ഇന്ന് ചര്‍ച്ച നടക്കില്ല.