ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പ്രതിയായ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര നരെയ്‌നെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നരെയ്‌നും ആന്‍ഡമാനില്‍ ലേബര്‍ കമ്മിഷണറായി നിയമിക്കപ്പെട്ട ആര്‍ എല്‍ ഋഷിക്കുമെതിരെ പോര്‍ട്ട് ബ്ലെയര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണു ലൈംഗിക പീഡനവും കൂട്ടബലാത്സംഗവും ആരോപിച്ച് പരാതി നല്‍കിയത്.
ഉദ്യോഗസ്ഥരുടെ പദവിയും അന്തസും പരിഗണിക്കാതെ അച്ചടക്കരാഹിത്യം കാണിക്കുന്ന നടപടികളോട്, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട സംഭവങ്ങളോട് ഒരു തരത്തിലും സര്‍ക്കാര്‍ സഹിഷ്ണുത കാണിക്കില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ദ്വീപസമൂഹത്തിന്റെ ചീഫ് സെക്രട്ടറിയായിരിക്കെ നരെയ്ന്‍ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചുകൊണ്ടുള്ള ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത്.
യുവതി ഓഗസ്റ്റ് 22 ന് ആന്‍ഡമാന്‍ ഡി ജി പിക്കു പരാതി നല്‍കിയ പരാതിയില്‍ പോര്‍ട്ട് ബ്ലെയറിലെ അബര്‍ദീന്‍ പൊലീസ് സ്റ്റേഷനില്‍ ഒക്ടോബര്‍ ഒന്നിന് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസിനു വിവരം ലഭിച്ചിരുന്നു. കേസില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയതായും വിവരം ലഭിച്ചു. യുവതി പൊലീസ് സംരക്ഷണത്തിലാണ്.
ജിതേന്ദ്ര നരെയ്ന്‍ നിലവില്‍ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ‘അസംബന്ധ’ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ആരോപണങ്ങള്‍ നിഷേധിച്ച് നരെയ്ന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കു വിശദമായ കുറിപ്പ് അയച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
പോര്‍ട്ട് ബ്ലെയറിലെ നരെയ്‌ന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഏപ്രിലിലും മേയിലും രാത്രിയില്‍ രണ്ടു തവണ തനിക്കു നേരെ അക്രമാസക്തമായ ലൈംഗികാക്രമണം നടന്നുവെന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തിന്റെ വിശദമായ വിവരണം പരാതിയിലുണ്ട്.
ജോലി അന്വേഷിച്ച് ഒരു ഹോട്ടല്‍ ഉടമ മുഖേന ലേബര്‍ കമ്മിഷണറെ പരിചയപ്പെടുകയും അദ്ദേഹം തന്നെ ചീഫ് സെക്രട്ടറിയുടെ വസതിയിലേക്കു കൊണ്ടുപോകുകയും ചെയ്തുവെന്നാണു പരാതിയില്‍ പറയുന്നത്. അവിടെ വച്ച് തനിക്ക് മദ്യം വാഗ്ദാനം ചെയ്തപ്പോള്‍ നിരസിച്ചു. തനിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു നല്‍കി. തുടര്‍ന്ന്, രണ്ടു പുരുഷന്മാര്‍ തന്നെ ക്രൂരമായും ലൈംഗികമായും പീഡിപ്പിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.
രണ്ടാഴ്ചയ്ക്കു ശേഷം, രാത്രി ഒന്‍പതിനു തന്നെ വീണ്ടും ചീഫ് സെക്രട്ടറിയുടെ വസതിയിലേക്കു വിളിച്ചുവരുത്തിയതായും അതിക്രമം ആവര്‍ത്തിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു. പകരമായി തനിക്കു സര്‍ക്കാര്‍ ജോലിക്കു വാഗ്ദാനം ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
എന്നാല്‍, ചീഫ് സെക്രട്ടറി എന്ന നിലയില്‍ താന്‍ നടപടിയെടുത്ത പ്രാദേശിക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമുള്ളതാണ് ആരോപണങ്ങളെന്നും അവരാണു തനിക്കെതിരായ ‘വിദ്വേഷ’ പ്രചാരണത്തിനു പിന്നിലെന്നും രേഖാമൂലമുള്ള നിഷേധത്തില്‍ നരെയ്ന്‍ അവകാശപ്പെട്ടു. പൊലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിചാരണ നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.