ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാര്‍ത്തയുള്‍പ്പെടെ കുറ്റ കൃത്യവാര്‍ത്തകള്‍ അരോചകമായ രിതിയില്‍ നല്‍കിയതിന് മാധ്യമ സ്ഥാപനങ്ങളെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായ പ്രോഗ്രാം കോഡ് കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെലിവിഷന്‍ ചാനലുകള്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക്സ് റെഗുലേഷന്‍ നിയമം അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണം. മരണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍, അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിലവിലുള്ള നിയമ സംവിധാനങ്ങളും രീതികളും പാലിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന്റെ കാര്‍ അപകട വാര്‍ത്ത, മൃതദേഹങ്ങളുടെ വേദനപ്പെടുത്തുന്ന ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യല്‍, അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ മര്‍ദിക്കുന്നത് എന്നിവ ഉദ്ധരിച്ച് അത്തരം റിപ്പോര്‍ട്ടുകള്‍ മര്യാദകള്‍ ലംഘിച്ചുവെന്നും കേന്ദ്രം വിമര്‍ശിച്ചു. ഡിസംബര്‍ 30-ാം തീയതി പുലര്‍ച്ചെയാണ് ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപം വച്ച് പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ റോഡിലെ ഡിവൈഡറുകളില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. കാറിനുള്ളിലായിരുന്ന പന്തിനെ അതുവഴിവന്ന ഹരിയാന റോഡ്വെയ്‌സ് ബസ് ഡ്രൈവര്‍ സുശീല്‍ മാന്നും കണ്ടക്ടര്‍ പരംജീത്തും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. താരത്തിന്റെ തലയ്ക്കും വലതു കണങ്കാലിന്റെ ലിഗമെന്റിനുമാണ് പരുക്കേറ്റത്.
ചാനലുകളില്‍ വേണ്ട വിധം മാറ്റങ്ങള്‍ വരുത്താതെ ചോരപ്പാടുകളോടുകൂടി പരിക്കുപറ്റിയ വ്യക്തികളുടെയും മൃതദേഹങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നതും സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രായമായവരും കുട്ടികളും ക്രൂരമായി മര്‍ദിക്കപ്പെടുന്ന രംഗങ്ങള്‍ കാണിക്കുന്നതും അവരുടെ നിലവിളിയും കരച്ചിലും പ്രക്ഷേപണം ചെയ്യുന്നതുമെല്ലാം മന്ത്രാലയം ചൂണ്ടികാണിച്ചു. സോഷ്യല്‍ മീഡിയ വഴി ലഭിക്കുക്ക ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും മാറ്റങ്ങള്‍ വരുത്തി പ്രോഗ്രാം കോഡിന് അനുസൃതമായി നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. മിതത്വം പാലിക്കാത്ത റിപോര്‍ട്ടുകളും ചിത്രങ്ങളും കുട്ടികളുടെ മാനസികാഘാതം സൃഷ്ടിക്കും, ഇത് സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും തും അപകീര്‍ത്തിപ്പെടുത്തന്നതുമാണെന്ന് കേന്ദ്രം പറഞ്ഞു.