ന്യൂഡൽഹി: 2017-18 വർഷത്തെ രാജ്യത്തെ തൊഴിൽലഭ്യതയും തൊഴിൽ നഷ്ടവും സംബന്ധിച്ച നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷന്റെ (എൻഎസ്എസ്ഒ) ആദ്യ വാർഷിക സർവ്വേ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ (എൻഎസ്‌സി) ആക്ടിങ് ചെയർപേഴ്സൺ പി.സി.മോഹനൻ രാജിവച്ചു. മറ്റൊരു അംഗമായ ജെ.വി.മീനാക്ഷിയും രാജിവച്ചിട്ടുണ്ട്.

നോട്ട് നിരോധനം മൂലമാണ് രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടായതെന്നാണ് എൻഎസ്എസ്ഒയുടെ ആദ്യ വാർഷിക സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. ഇതിനാലാണ് കേന്ദ്രം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിക്കുന്നതെന്നാണ് സൂചന.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ 2006 ൽ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ വ്യവസ്ഥയുടെ പ്രവർത്തനത്തെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയുമാണ് എൻഎസ്‌സി ചെയ്യുന്നത്. 2017 ജൂണിലാണ് സ്റ്റാറ്റിസ്റ്റീഷ്യനായ പി.സി.മോഹനനെയും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറായ ജെ.വി.മീനാക്ഷിയെയും കമ്മിഷനിലെ അംഗങ്ങളായി സർക്കാർ നിയമിച്ചത്. രണ്ടു പേർക്കും മൂന്നു വർഷത്തെ കാലാവധിയായിരുന്നു.

കമ്മിഷനിലെ ആക്ടിങ് ചെയർപേഴ്സൺ ആയിരുന്നു രാജിവച്ച മോഹനൻ. ”സാധാരണ എൻഎസ്എസ്ഒയുടെ റിപ്പോർട്ട് കമ്മിഷന് മുന്നിൽവയ്ക്കും. കമ്മിഷൻ അംഗീകരിച്ചാൽ അടുത്ത ഏതാനും ദിവസങ്ങൾക്കകം റിപ്പോർട്ട് പുറത്തുവിടും. ഡിസംബറിൽതന്നെ എൻഎസ്എസ്ഒയുടെ സർവ്വേ റിപ്പോർട്ട് ഞങ്ങൾ അംഗീകരിച്ചതാണ്. പക്ഷേ രണ്ടു മാസം ആകാറായിട്ടും റിപ്പോർട്ട് പൊതുജനങ്ങൾ മുന്നിലെത്തിയിട്ടില്ല,” മോഹനൻ ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

”കുറച്ചു കാലമായി എൻഎസ്‌സിയെ ഗൗരവമായി സർക്കാർ കണക്കിലെടുക്കുന്നില്ല. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ എൻഎസ്‌സിയോട് ചോദിക്കുന്നില്ല. ഞങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല,” മോഹനൻ പറഞ്ഞു.

നേരത്തെ അഞ്ചു വർഷത്തിലൊരിക്കലാണ് എൻഎസ്എസ്ഒ രാജ്യത്തെ തൊഴിൽ ലഭ്യതയും തൊഴിലില്ലായ്മയും സംബന്ധിച്ച സർവ്വേ നടത്തിയിരുന്നത്. 2011-12 ലാണ് അവസാനത്തെ സർവ്വേ പുറത്തുവിട്ടത്. 2016-17 ലായിരുന്നു അടുത്ത സർവ്വേ നടത്തേണ്ടിയിരുന്നത്. എന്നാൽ വർഷം തോറും സർവ്വേ നടത്താൻ എൻഎസ്‌സി പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇപ്രാകരമുള്ള ആദ്യ സർവ്വേ 2017 ജൂലൈ മുതൽ 2018 ജൂൺ വരെയാണ് നടത്തിയത്. ഇതിൽ നോട്ട് നിരോധനത്തിനു മുൻപും ശേഷവുമുള്ള കണക്കുകൾ ഉൾപ്പെടുത്തിയിരുന്നു.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം 2018 ഡിസംബറിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനം വർധിച്ചുവെന്നാണ്. കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2018 ൽ നോട്ട് നിരോധനത്തെ തുടർന്ന് 11 മില്യൻ തൊഴിലവസരങ്ങൾ നഷ്ടമായി. പക്ഷേ നോട്ട് നിരോധനം മൂലം തൊഴിൽ നഷ്ടമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. മറിച്ച് വ്യാവസായിക മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും സർക്കാർ വാദിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ