പനാജി: ബീഫ് കഴിക്കുന്നത് ജീവിത നിലവാരത്തിന്റെ അടയാളമായി കാണുന്നവരെ തൂക്കിക്കൊല്ലാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് സാധ്വി സരസ്വതി. ഗോവയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഇതിന് പിന്നാലെ മധ്യപ്രദേശിൽ ചിധ്‌വാരയിൽ നടത്തിയ പ്രസംഗത്തിൽ, “ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിൽ നിന്ന് രക്ഷിക്കുന്നതിനായി വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിന്ദു കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.

സനാതൻ സൻസ്ഥയുടെ ഭാഗമായാണ് ഹിന്ദു ജനജാഗ്രിതി സമിതി പ്രവർത്തിക്കുന്നത്. നരേന്ദ്ര ധബോൽക്കർ വധക്കേസിൽ പ്രതിസ്ഥാനത്ത് ഉള്ളത് സനാതൻ സൻസ്ഥയുടെ നേതാക്കളാണ്. ആർഎസ്എസ്, ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.

ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റുന്നതിലാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതെന്ന് പറഞ്ഞ സാധ്വി, മതേതര വാദികളുടെ പിടിയിൽ ഹിന്ദുക്കൾ അകപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. ആദ്യം ആക്രമിക്കേണ്ടത് ഈ മതേതര വാദികളെയാണെന്നും ഇവർ പറഞ്ഞു.

ഗോ മാംസം ഭക്ഷിക്കുന്നവരെ പൊതു മധ്യത്തിൽ തൂക്കിക്കൊല്ലാൻ താൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ ആവശ്യം അപ്പൊഴേ ആളുകൾക്ക് പൂർണ്ണമായി മനസിലാകൂ.

വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ഇല്ലാതാക്കപ്പെടുമെന്നും അവർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook