ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാരിന്റെ സമഗ്ര പരിഷ്‌കരണം. ഉന്നത വിദ്യഭ്യാസ മേഖലയെ നിയന്ത്രിച്ചിരുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷനെ പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മിഷനെ നിയമിക്കാനാണ് നീക്കം. ഇതിനുള്ള ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (യുജിസി നിയമം റദ്ദാക്കൽ) നിയമം 2018-ന്റെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ ഇടപെടൽ പരമാവധി കുറയ്‌ക്കുക, ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം സംബന്ധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം കൈക്കൊളളുക, അക്കാദമിക നിലവാരം പുലർത്താത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുക, സർക്കാർ തീരുമാനങ്ങൾ അനുസരിക്കാത്തവർക്ക് പിഴയോ, ജയിൽ ശിക്ഷയോ നൽകുക തുടങ്ങിയ പരിഷ്‌കാരങ്ങൾക്കാണ് സർക്കാർ നീക്കം.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് നൽകുന്നത് ഇനി മാനവശേഷി മന്ത്രാലയമായിരിക്കും. ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (യുജിസി നിയമം റദ്ദാക്കൽ) നിയമം 2018-ന്റെ കരട് മാനവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരടിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ജൂലൈ ഏഴിനു വൈകിട്ട് അഞ്ചിനുമുമ്പ് reformogc@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.

യുജിസി, ഐഐസിടിഇ, എൻസിടിഇ തുടങ്ങിയ ഏജൻസികൾക്കു പകരമായി ഹയർ എജ്യുക്കേഷൻ ഇവാല്യുവേഷൻ ആൻഡ് റെഗുലേഷൻ അതോറിറ്റി (ഹീര) രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തിയിരുന്നു. ഇതിന് പകരമാണ് പുതിയ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook