ന്യൂഡൽഹി: ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് മോശമായി പെരുമാറിയതിന് രണ്ട് കോൺഗ്രസ് എംപിമാരോട് നിരുപാധികം മാപ്പ് പറയാൻ സർക്കാർ ആവശ്യപ്പെട്ടു. ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരോടാണ് മാപ്പ് പറയാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സഭാ സമ്മേളനത്തിൽ സ്മൃതി ഇറാനി സംസാരിക്കുന്നതിനിടെ കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എന്നിവർ സ്മൃതിയെ ആക്രമിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് ബിജെപി അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് സഭയിലെ വനിതാ അംഗമായ സ്മൃതി ഇറാനിയോട് മാപ്പ് പറയാൻ ഇരുവരോടും രാജ്യസഭ അധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു.
എംപിമാരെ സസ്പെൻഡ് ചെയ്യാൻ നിർദേശിക്കുന്ന 374-ാം വകുപ്പ് പ്രകാരം സർക്കാർ സ്പീക്കറിന് പരാതി നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
അധ്യക്ഷൻ നിർദേശം നൽകിയിട്ടും കോൺഗ്രസ് അംഗങ്ങൾ മാപ്പ് പറഞ്ഞില്ലെന്ന് സഭയിൽ വിഷയം ഉന്നയിച്ച പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഒരു എംപിയെയും സസ്പെൻഡ് ചെയ്യാൻ പ്രമേയം കൊണ്ടുവരാൻ സർക്കാരിന് ഉദ്ദേശ്യമില്ലാത്തതിനാൽ അവർ ക്ഷമ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു രാജാവിന്റെയും കൊട്ടാരമല്ലെന്നും രാജ്യത്തെ സാധാരണക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനും ഉന്നയിക്കാനുമുള്ള സഭയാണിതെന്നുമായിരുന്നു പ്രഹ്ലാദ് ജോഷിയുടെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞത്. “ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്, ഞങ്ങൾക്ക് ആരെയും പേടിയില്ല,” അദ്ദേഹം പറഞ്ഞു.
ചൗധരിയുടെ പരാമർശത്തെ എതിർത്ത നിയമമന്ത്രി രവിശങ്കർ പ്രസാദ്, ബഹുമാനപ്പെട്ട സഭയെക്കുറിച്ചുള്ള ചൗധരിയുടെ പരാമർശം അപലപനീയമാണെന്നും 374-ാം വകുപ്പ് പ്രകാരമാണ് പ്രശ്നം പരിഗണിക്കുന്നതെന്നും പറഞ്ഞു. 374-ാം വകുപ്പിന് കീഴിൽ വരുന്ന കേസാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.