ന്യൂഡല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കാനുള്ള ലേലത്തില്‍ ടാറ്റ ഗ്രൂപ്പ് വിജയിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനിയുടെ നിയന്ത്രണം അരനൂറ്റാണ്ട് മുന്‍പ് സര്‍ക്കാരിനു വിട്ടുകൊടുത്ത ടാറ്റ ലേലത്തില്‍ വിജയിച്ചതായി ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
”എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന ലേലത്തിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കും,” ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ട്വീറ്റില്‍ പറഞ്ഞു.
എയര്‍ ഇന്ത്യയെ ലേലത്തില്‍ സ്വന്തമാക്കാനായി ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയര്‍മാനുമായ അജയ് സിങ്ങുമാണു രംഗത്തുണ്ടായിരുന്നത്. വന്‍ കടബാധ്യതയില്‍ പറക്കുന്ന എയര്‍ ഇന്ത്യയ്ക്കായി ഈ മാസം ആദ്യം നടന്ന ലേലത്തില്‍ ടാറ്റ ഗ്രൂപ്പ് മുന്നിലെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കായി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നാല് കമ്പനികള്‍ മത്സരത്തിനുണ്ടായെങ്കിലും ടാറ്റ ഗ്രൂപ്പും സ്‌പൈസ്‌ജെറ്റ് സിഇഒ അജയ് സിങ്ങും മാത്രമാണ് അവസാന ഘട്ടത്തിലെത്തിയത്.
Also Read: മുസ്‌ലിങ്ങളെ പിന്തുണച്ചു, ഇരകളാക്കി ചിത്രീകരിച്ചു; കാപ്പനെതിരെ യുപി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്
എയര്‍ ഇന്ത്യ വില്‍ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. 2018 മാര്‍ച്ചില്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. 76 ശതമാനം ഓഹരികള്‍ വില്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എയര്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന കടം സംബന്ധിച്ച ആശങ്കള്‍ കാരണം ആരും പ്രതികരിച്ചിരുന്നില്ല. 2007 മുതല്‍ നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയുടെ മൊത്തം കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയ്ക്കുവേണ്ടി പ്രതിദിനം 20 കോടി രൂപ നഷ്്ടം സഹിക്കുന്നതായാണു സര്‍ക്കാര്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍, എയര്‍ ഇന്ത്യ 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളില്‍ തിരികെയെത്തും. ടാറ്റ സണ്‍സ് 1932ല്‍ ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് 1946ലാണ് എയര്‍ ഇന്ത്യയായത്. 1953ലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവില്‍ ടാറ്റ ഗ്രൂപ്പിന് എയര്‍ ഏഷ്യ ഇന്ത്യ, വിസ്താര എന്നീ വിമാനക്കമ്പനികളുണ്ട്. എയര്‍ ഏഷ്യ ഇന്ത്യ, മലേഷ്യ ആസ്ഥാനമായുള്ള എയര്‍ ഏഷ്യയുമായും വിസ്താര സിംഗപ്പുര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.