ന്യൂഡൽഹി: ന്യൂഡല്‍ഹി/ഹൈദരാബാദ്: നാലു വര്‍ഷത്തേക്കു മാത്രം സൈനികരെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മൂന്നാം ദിനവും രൂക്ഷമായി തുടരുന്നു. തെലങ്കാനയിലും ബിഹാറിലും ട്രെയിനുകൾക്കു തീവച്ചു. തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിയുതിര്‍ത്തു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു.
നാലു വര്‍ഷത്തിനു പകരം ദീര്‍ഘകാല സര്‍വിസ് ഉറപ്പാക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് ആവശ്യപ്പെട്ട് നൂറുകണക്കിനു ചെറുപ്പക്കാരാണ് ഇന്നു സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടിയത്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ അജന്ത എക്സ്പ്രസ്, ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഒരു എംഎംടിഎസ് ട്രെയിന്‍ എന്നിവയ്ക്ക് തീയിടുകയോ പൂര്‍ണമായി നശിപ്പിക്കുകയോ ചെയ്തു. ഇരുചക്രവാഹനങ്ങള്‍, മരപ്പെട്ടികള്‍, ചവറ്റുകുട്ടകള്‍, റെയില്‍വേ പോര്‍ട്ടര്‍മാരുടെ ഉന്തുവണ്ടികള്‍ എന്നിവ ഉപയോഗിച്ച് റെയില്‍വേ ലൈനുകള്‍ ഉപരോധിച്ചു.
ഒന്നാമത്തെയും പത്താമത്തെയും പ്ലാറ്റ്ഫോമുകളിലെ ഓഫീസുകള്‍ക്കു കേടുപാടുകള്‍ വരുത്തി, കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി ക്യാമറകളും ലൈറ്റുകളും ഫാനുകളും നശിപ്പിക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. എല്ലാ പ്ലാറ്റ്ഫോമുകളിലെയും ഭക്ഷണ-സാധന സ്റ്റാളുകള്‍ കൊള്ളയടിച്ച പ്രതിഷേധക്കാര്‍ അവയ്ക്കു തീയിട്ടു. പാര്‍സല്‍ സെക്ഷനില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും മോഷ്ടിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് 10 റൗണ്ടെങ്കിലും വെടിവച്ചു. വാറങ്കല്‍ സ്വദേശി ദാമോദര്‍ കുമാറാണ് മരിച്ചത്. പരുക്കേറ്റ എട്ടുപേര്‍ ഗാന്ധി ആശുപത്രിയിലും രണ്ടുപേര്‍ റെയില്‍വേ ആശുപത്രിയിലും ചികിത്സയിലാണ്.
അക്രമത്തില്‍ 20 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണു സൗത്ത് സെന്‍ട്രല്‍ റെയില്‍വേ കണക്കാക്കിയിരിക്കുന്നത്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന ട്രെയിനുകള്‍ സമീപത്തെ മറ്റു സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടുകയോ പുറത്ത് നിര്‍ത്തിയിടുകയോ ചെയ്തു. ഇവിടെനിന്നു പുറപ്പെടേണ്ട ട്രെയിനുകളെല്ലാം വൈകി. സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരരെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വീസുകള്‍ റദ്ദാക്കി. എല്ലാ സ്റ്റേഷനുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടരുതെന്നും റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹി മെട്രോ ഐടിഒ സ്റ്റേഷന്റെ എല്ലാ ഗേറ്റുകളും അടച്ചതായി ഡിഎംആര്‍സി അറിയിച്ചു.
ഡല്‍ഹി ഗേറ്റ്, ജുമാ മസ്ജിദ് എന്നിവയുള്‍പ്പെടെ മറ്റ് ചില മെട്രോ സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കും കടക്കുന്ന ഗേറ്റുകൾ കുറച്ചുസമയത്തേക്ക് അടച്ചതായി ഡിഎംആര്‍സി അറിയിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവി, ബിജെപി സംസ്ഥാന പ്രസിഡന്റ്, വെസ്റ്റ് ചമ്പാരൻ എംപി ഡോ.സഞ്ജയ് ജയ്വാൾ എന്നിവരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായി.
ബിഹാറിൽ പ്രതിഷേധക്കാർ ഇന്നും ട്രെയിനുകൾക്ക് തീയിട്ടു. സമാസ്തിപൂരിലെ മൊയ്ഹുദ്ദീൻ നഗറിൽ ഒരു ട്രെയിനിന്റെ ആറു കോച്ചുകൾക്കും ലഖിസാരയ് സ്റ്റേഷനിലെ മറ്റൊരു ട്രെയിനിന്റെ രണ്ടു കോച്ചുകൾക്കും തീയിട്ടു. കോച്ചുകളിൽനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചശേഷമാണ് പ്രതിഷേധക്കാർ തീ കൊളുത്തിയത്. അതിനാൽ തന്നെ ആളപായമൊന്നും ഇല്ല.
ബെഗുര്‍സാരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. പട്ന-ഹൗറ, പട്ന-ബഗൽപൂർ റൂട്ടുകളിൽ നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. മുസാഫർപൂരിൽ വിദ്യാർത്ഥികൾ ദേശീയ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തി.
വാരണാസിയില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ രണ്ടു ബസുകള്‍ തകര്‍ത്തു. അക്രമം കണക്കിലെടുത്ത്, ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലാബ്ഗഡില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി സെര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഗുഡ്ഗാവില്‍ നെിരോധനാജ്ഞ ഏര്‍പ്പെടുത്തി.
അഗ്നിപഥ് പദ്ധതിയിൽ വിട്ടുവീഴ്ച; ഉയര്‍ന്ന പ്രായപരിധി 21-ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി
രാജ്യമെങ്ങും പ്രതിഷേധം പുകയുന്നിതിനിടെ അഗ്നിപഥ് പദ്ധതിയില്‍ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന പ്രായപരിധി 21-ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി. കഴിഞ്ഞ രണ്ടുവര്‍ഷമായി നിയമനങ്ങള്‍ നടക്കാത്തത് പരിഗണിച്ചാണ് ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടന്നിരുന്നു. പലയിടങ്ങളിലും ആക്രമസംഭവങ്ങളും ഉണ്ടായി. ഇതിനിടെയാണ് പ്രതിരോധ മന്ത്രാലയം ഇളവ് നൽകാൻ തീരുമാനം എടുക്കുന്നത്. ഈ വർഷത്തേക്ക് മാത്രമാണ് ഇളവെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച പ്രഖ്യാപിച്ച പദ്ധതി പ്രകാരം 17 വയസ്സിനും 21 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നിയമനം നേടാൻ സാധിക്കുകയുള്ളൂ. നാല് വർഷത്തേക്കാണ് നിയമനം.
അതേസമയം, പ്രതിഷേധങ്ങൾ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പല സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ ഉൾപ്പെടെ ഇന്നലെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഉദ്യോഗാർത്ഥികൾ റോഡ്, റെയിൽ ഗതാഗതം തടഞ്ഞു. കടകളും സ്വകാര്യ സ്ഥാപനങ്ങളും അടിച്ചു തകർത്തു. പഴയ രീതി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികളുടെ സമരം.
അക്രമാസക്തരായ പ്രതിഷേധക്കാർ ആര ജംങ്ഷൻ റെയിൽവേസ്റ്റേഷനിൽ ട്രെയിനിന് തീവെച്ചു. ഉദ്യോഗാർത്ഥികളെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടങ്ങൾ തകർത്ത പ്രതിഷേധക്കാർ പുഷ് അപ് എടുത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Also Read: ‘അഗ്നിപഥി’ല്‍ പ്രതിഷേധം വ്യാപകം; കേരളത്തില്‍ നിന്നുള്ള ട്രെയിനിന് നേരെയും ആക്രമണം