ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപായി, മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്നും സാമ്പത്തികമായി ദുർബലരായ (ഇഡബ്ല്യുഎസ്) വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം നൽകുന്നത് ബിജെപി സാമൂഹിക നീതി രാഷ്ട്രീയം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ സൂചനകൾ. പ്രാദേശിക പാർട്ടികൾ എപ്പോഴും അവഗണിക്കാൻ ശ്രമിച്ചിട്ടുള്ളതാണിത്.
പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച മറ്റു രണ്ടു നടപടികൾക്ക് പിന്നാലെയാണ് ഇതും വരുന്നത്.
ഈ അടുത്ത് നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സർക്കാരിലെ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 27 ആയി മോദി ഉയർത്തിയിരുന്നു. അഞ്ചു കാബിനറ്റ് മന്ത്രിമാരുൾപ്പടെയാണിത്. കൂടാതെ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ തിരിച്ചറിയാനും അറിയിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളഞ്ഞ മറാത്ത സംവരണ വിധിയിൽ ഭരണഘടനയുടെ 102-ാം ഭേദഗതിയുടെ കോടതി വ്യാഖ്യാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുകയും ചെയ്തിരുന്നു.
സുപ്രീം കോടതി പുനഃപരിശോധനാ ഹർജി തള്ളിയതോടെ, ഒബിസി സമുദായങ്ങളിലെ പ്രതിനിധികളുടെ ആവശ്യ പ്രകാരം, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയുന്നതിനു സംസ്ഥാനങ്ങൾക്ക് അധികാരം നൽകാൻ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യം കഷ്ടിച്ചു വിജയിച്ചപ്പോൾ, എതിർ പാർട്ടിയായ ആർജെഡി കൂടുതൽ വോട്ടുകൾ നേടിയത് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒബിസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസും ബിഎസ്പിയെയും ദുർബലപ്പെട്ടതോടെ സമാജ്വാദി പാർട്ടിക്ക് ഒബിസി വോട്ടുകളിൽ ഒരു ഭാഗം നേടാനും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനും കഴിയുമെന്നാണ് ബിജെപിയുടെ വിദഗ്ധർ കരുതുന്നത്.
2019ലെ വിജയത്തിന് ശേഷവും തുടർന്നുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ വിജയത്തിനു ശേഷവും തങ്ങൾക്ക് വേണ്ട വിധത്തിലുള്ള സ്ഥാനമോ അധികാരമോ നൽകിയിട്ടില്ലെന്ന് ഒബിസി പ്രതിനിധികൾക്കിടയിൽ വികാരമുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. “എന്നാലും മന്ത്രിസഭാ പുനഃസംഘടന ആശങ്കകൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്” ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
Also read: മെഡിക്കൽ കോഴ്സുകളിൽ ഈ വർഷം മുതൽ ഒബിസിക്ക് 27 ശതമാനം സംവരണം: നരേന്ദ്ര മോദി
യാദൃച്ഛികമായി, ഒബിസി സമുദായങ്ങളിൽ നിന്നുള്ള ബിജെപി, എൻഡിഎ എംപിമാർ പ്രധാനമന്ത്രി മോദിയെ കണ്ട് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കൽ കോളേജുകളിലെ ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനുള്ള കേന്ദ്ര തീരുമാനം വരുന്നത്.
“ഇത് വളരെ പ്രധാനപ്പെട്ട നീക്കമാണ്” ബിജെപി എംപി ഗണേഷ് സിങ് പറഞ്ഞു. “തൊഴിലിൽ ഒബിസിക്ക് 27 ശതമാനം സംവരണം നൽകിയിട്ടും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജുകളിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഒബിസി സമുദായങ്ങളിൽ നിന്ന് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ഥിതി അൽപ്പം മോശമായിക്കൊണ്ടിരിക്കുകയാണ്. ഒരു പാർട്ടി എന്ന നിലയിൽ അത് അനീതിയാണെന്ന് ബിജെപിക്ക് തോന്നി, അത് ന്യായമല്ലെന്ന് പ്രധാനമന്ത്രി മോദിജിയും സമ്മതിച്ചു,”
“ഒബിസി വിഭാഗത്തിന് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച പാർട്ടിയാണ് ബിജെപി. മണ്ഡൽ കമ്മിഷന് ശേഷം കാര്യമായൊന്നും സംഭവിച്ചില്ല. പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മിഷന് ഭരണഘടനാ പദവി നൽകാനുള്ള ബിൽ ഈ സർക്കാർ പാസാക്കി” അദ്ദേഹം പറഞ്ഞു.