ന്യൂഡൽഹി: കോവിഷീൽഡ് ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിനിന്റെ 11 ദശലക്ഷം ഡോസുകൾ വാങ്ങുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ഐഐ) കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകി. ജിഎസ്ടി അടക്കം 210 രൂപയാണ് ഒരു ഡോസിന് വില നൽകുന്നത്.

തിങ്കളാഴ്ച വൈകിട്ടോടെ വാക്‌സിൻ അയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓർഡർ പ്രകാരം വാക്സിനിലെ ഓരോ ഡോസിനും ടാക്സ് ഇല്ലാതെ 200 രൂപയും10 രൂപ ജിഎസ്ടി അടക്കം 210 രൂപയുമാണ് വില.

പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി സെറം ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പർച്ചേസ് ഓർഡർ പുറപ്പെടുവിച്ചത്. കോവിഷീൽഡ് വാക്സിൻ ഡോസുകൾ തുടക്കത്തിൽ 60സംഭരണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് കൂടുതൽ ഇടങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യും.

Read More: ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണത്തിന്റെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കും: പ്രധാനമന്ത്രി

ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്ന മറ്റൊരു കൊറോണ വൈറസ് വാക്സിൻ വാങ്ങുന്നതിനുള്ള ഉത്തരവിൽ ആരോഗ്യ മന്ത്രാലയം ഉടൻ ഒപ്പുവയ്ക്കാൻ സാധ്യതയുണ്ട്. ഇതിനായുള്ള യോഗങ്ങൾ നടന്നുവരികയാണെന്നാണ് വിവരം.

ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ഓക്‌സ്‌ഫോർഡിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകൾക്ക് കേന്ദ്രസർക്കാർ അടുത്തിടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. രണ്ട് വാക്സിനുകൾക്കും സുരക്ഷയും രോഗപ്രതിരോധ ശേഷിയുമുള്ളതായി സ്ഥാപിക്കാനായതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Read More: വാക്സിൻ വിതരണത്തിനൊരുങ്ങി രാജ്യം; തയ്യാറെടുപ്പുകൾ ഇങ്ങനെ

ലോകത്തെ ഏറ്റവും വലിയ കുത്തിവയ്പ്പ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് രാജ്യത്ത് ജനുവരി 16 മുതൽ ആരംഭിക്കും. മൂന്ന് കോടി ആരോഗ്യ സംരക്ഷണ, മുൻനിര തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണത്തിന് മുൻഗണന നൽകുക.

തുടർന്നുള്ള ഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ളവരും 50 വയസ്സിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും അടക്കമുള്ള 27 കോടി പേർക്കും മുൻ‌ഗണന നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook