ദിവസേന മൂന്ന് ലക്ഷത്തിലധികം രോഗികളുമായി ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തെ നേരിടുമ്പോൾ, സർക്കാരിനെയും ജനങ്ങളെയും കുറ്റപ്പെടുത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. കോവിഡിന്റെ ആദ്യ തരംഗത്തിനു ശേഷം ജനങ്ങളും സർക്കാരും അലംഭാവം കാണിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ എന്ന ലെക്ചർ സീരിസിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
” നമ്മൾ ഇപ്പോൾ ഈ സാഹചര്യം നേരിടേണ്ടി വന്നത് ജനങ്ങളും സർക്കാരും ഭരണകൂടവും ആദ്യ ഘട്ടത്തിന് ശേഷം അലംഭാവം കാണിച്ചത് കൊണ്ടാണ്. ഡോക്ടർമാർ ഇതിനെകുറിച്ച് സൂചിപ്പിച്ചെങ്കിലും നമ്മൾ അലംഭാവം കാണിച്ചു. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ ഈ പ്രശ്നം നേരിടുന്നത്. ഇപ്പോൾ മൂന്നാം തരംഗത്തെ കുറിച്ചു പറയുന്നുണ്ട്, നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല പക്ഷേ നമ്മൾ സ്വയം തയ്യാറാകണം.” ആർഎസ്എസ് നേതാവ് പറഞ്ഞു.
കോവിഡ് മഹാമാരി ‘മനുഷ്യരാശിക്കുള്ള വെല്ലുവിളി’യാണെന്ന് പറഞ്ഞ ഭാഗവത് ഇന്ത്യ ലോകത്തിനു മുന്നിൽ മാതൃക തീർക്കണം എന്നും പറഞ്ഞു. “ഈ കോവിഡ് മഹാമാരി മാനുഷരാശിക്കുള്ള ഒരു വെല്ലുവിളിയാണ്, ഇന്ത്യ ലോകത്തിനു മുന്നിൽ മാതൃക തീർക്കണം. നമുക്ക് ഒരു ടീമായി പ്രവർത്തിക്കണം, കൂടുതലും കുറവും ഒന്നും പറയാതെ. അത് നമുക്ക് പിന്നെ ചെയ്യാം. ഒരു ടീമായി പ്രവർത്തിക്കുന്നതിലൂടെയും വേഗത്തിൽ പ്രവർത്തിക്കുന്നതിലൂടെയും നമുക്ക് ഈ വെല്ലുവിളിയെ അതിജീവിക്കാൻ കഴിയും” നേതാവ് കൂട്ടിച്ചേർത്തു.
Read Also: കോവിഡ് രോഗികളിലെ ഫംഗസ് അണുബാധ; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടർ
ഈ പരീക്ഷണങ്ങളുടെ സമയത്ത് മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടാതെ രാജ്യം ഒരുമിച്ച് ഒരു ടീമായി നിൽക്കണമെന്നും ഭാഗവത് പറഞ്ഞു. ജനങ്ങളോട് പ്രസന്നരായിരിക്കാനും നേതാക്കളോട് ഈ സാഹചര്യത്തിൽ യുക്തിരഹിതമായ പ്രസ്താവനകൾ നടത്തരുതെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.26 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര്‍ക്കു ജീവന്‍ നഷ്ടമായി. 3.53 ലക്ഷം പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 36.7 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.