ന്യൂഡല്‍ഹി: കോവിഷീല്‍ഡോ കോവാക്സിനോ സ്വീകരിച്ച പ്രായപൂര്‍ത്തിയാവവര്‍ക്കു കരുതല്‍ ഡോസായി കോര്‍ബെവാക്സ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതാദ്യാമായാണു പ്രാഥമിക വാക്സിനേഷനില്‍നിന്ന് വ്യത്യസ്തമായ ഒരു വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി അനുവദിക്കുന്നത്.
‘ബയോളജിക്കല്‍ ഇ’യാണു വികസിപ്പിച്ച കോര്‍ബെവാക്സ് കരുതല്‍ ഡോസായി നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. 18 വയസിനു മുകളിലുള്ള ആര്‍ക്കും കരുതല്‍ ഡോസായി ഈ വാക്‌സിന്‍ സ്വീകരിക്കാം.
യോഗ്യരായവര്‍ക്കു കോര്‍ബെവാക്‌സ് വാക്‌സിന്‍ മുന്‍കരുതലായി സ്വീകരിക്കുന്നതിനായി കോ-വിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഈ വ്യവസ്ഥ ഓഗസ്റ്റ് 12 മുതല്‍ പോര്‍ട്ടലില്‍ ലഭ്യമാവുമെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.
കോവാക്സിന്റ അല്ലെങ്കില്‍ കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം മുതല്‍ 26 ആഴ്ച പൂര്‍ത്തിയായ 18 വയസിനു മുകളിലുള്ളവര്‍ക്കു മുന്‍കരുതല്‍ ഡോസായി കോര്‍ബെവാക്സ് വാക്‌സിന്‍ ലഭ്യമാകുമെന്നു രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ രണ്ടു വീതം ഡോസുകള്‍ എടുത്തവര്‍ക്കുള്ള കരുതല്‍ ഡോസ് സെംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മിത ആര്‍ ബി ഡി പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്‌സിനാണു കോര്‍ബെവാക്സ്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ (എന്‍ ടി എ ജി ഐ) കോവിഡ്19 വര്‍ക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച നല്‍കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കോര്‍ബെവാക്സിന്‍ മുന്‍കരുതല്‍ ഡോസായി നല്‍കാനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്.
മുന്‍പ് കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെ രണ്ട് ഡോസ് എടുത്തതും പിന്നീട് കോവിഡ് നെഗറ്റീവായതുമായ 18-80 പ്രായത്തിലുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ കോര്‍ബെവാക്‌സ് ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോഴുണ്ടായ പ്രതിരോധശേഷിയും സുരക്ഷയും വിലയിരുത്തിയ ഡബിള്‍-ബ്ലൈന്‍ഡ് റാന്‍ഡമൈസ്ഡ് ഫേസ്-3 ക്ലിനിക്കല്‍ പഠനത്തിന്റെ ഡേറ്റ കോവിഡ്-19 വര്‍ക്കിങ ഗ്രൂപ്പ് ജൂലൈ 20 ലെ യോഗത്തില്‍ അവലോകനം ചെയ്തിരുന്നു.
ഡേറ്റ പരിശോധനയെത്തുടര്‍ന്ന്, കോവാക്സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് സ്വീകരിക്കുന്നവര്‍ക്ക് നല്‍കുമ്പോള്‍ കോര്‍ബെവാക്സ് വാക്സിന്‍ ആന്റിബോഡി ടൈറ്ററുകളില്‍ ഗണ്യമായ വര്‍ധനവിനു കാരണമാകുമെന്ന് സി ഡബ്ല്യു ജി നിരീക്ഷിച്ചുതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നിലവില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയിലാണ് കോര്‍ബെവാക്‌സ് വാക്സിന്‍ ഉപയോഗിക്കുന്നത്.