ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപക നിയമനത്തിലുളള സംവരണ നയം മാറ്റാൻ യുജിസിക്ക് സർക്കാരിന്റെ അനുമതി. രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളടക്കമുളള കോളേജുകളിൽ ഇതോടെ എസ്‌സി-എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുളള അദ്ധ്യാപകരുടെ എണ്ണത്തിൽ വലിയ കുറവു വരും.

അദ്ധ്യാപക നിയമനത്തിനുളള സംവരണ മാനദണ്ഡം വകുപ്പുകൾ കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യമാണ് യുജിസി ഉന്നയിച്ചത്. നിലവിൽ കോളേജുകളിൽ ആകെയുളള അദ്ധ്യാപക എണ്ണത്തിൽ നിന്നാണ് സംവരണം നിശ്ചയിച്ചിരുന്നത്. ഇത് ഓരോ വകുപ്പ് തിരിച്ചാകുമ്പോൾ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുളളവരുടെ അവസരങ്ങൾ വൻതോതിൽ കുറയും.

ഒരദ്ധ്യാപകൻ മാത്രമുളള വകുപ്പുകളിൽ ഇനി മുതൽ സംവരണം ഉണ്ടാവില്ല. എന്നാൽ ഇത്തരത്തിലുളള എല്ലാ വകുപ്പുകളെയും കൂട്ടിച്ചേർത്ത് ഒറ്റ വകുപ്പാക്കുകയാണെങ്കിൽ എസ്‌സി-എസ്‌ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുളളവർക്ക് അദ്ധ്യാപകരാകാൻ സാധിക്കും.

കേന്ദ്ര സർക്കാർ 2016 ൽ പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ് അദ്ധ്യാപകരിൽ ഏഴ് പേർ മാത്രമാണ് ഈ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുളളത്. ആകെയുളള 14.1 ലക്ഷം അദ്ധ്യാപകരിൽ 1.02 ലക്ഷം മാത്രമാണ് ദളിതരുടെ പ്രാതിനിധ്യം. 7.22 ശതമാനം വരുമിത്. 716 സർവ്വകലാശാലകളിലെയും 38056 കോളേജുകളിലെയും കണക്കാണിത്.

അതേസമയം എസ്‌ടി വിഭാഗത്തിൽ നിന്നുളള അദ്ധ്യാപകരുടെ എണ്ണം വെറും 30000 മാത്രമാണ്. 41 കേന്ദ്രസർവ്വകലാശാലകളിലായി ഇപ്പോഴുളളത് 17106 അദ്ധ്യാപക തസ്തികകളാണ്. 2017 ഏപ്രിൽ ഒന്ന് വരെ ഇവയിൽ 5997 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ഭാവിയിൽ ഇവിടങ്ങളിലേക്കുളള അദ്ധ്യാപക നിയമനങ്ങളിൽ നിന്ന് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാർ തഴയപ്പെടുമെന്ന് വ്യക്തമായി.

ഇത് സംബന്ധിച്ച യുജിസിയുടെ ശുപാർശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ചു. നിയമ വകുപ്പിനോട് കൂടിയാലോചിച്ച ശേഷമാണ് സംവരണ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാൻ യുജിസിക്ക് കേന്ദ്രം അനുമതി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook