ന്യൂഡൽഹി: രണ്ട് അഭിഭാഷകരെയും ആറ് ജില്ലാ ജഡ്ജിമാരെയും രാജസ്ഥാൻ ഹൈക്കോടതിയിലെ ജഡ്ജിമാരായി നിയമിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരുടെയെങ്കിലും പേരിനെതിരെ പ്രത്യേക എതിർപ്പുകൾ ഉണ്ടോയെന്ന് അറിയാൻ കൊളീജിയം ശ്രമിച്ചതായും അതിനു മറുപടിയൊന്നും ലഭിച്ചില്ലെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിനു പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്.അബ്ദുൾ നസീർ എന്നിവരായിരുന്നു ഹൈക്കോടതി ജഡ്ജിമാരെ ശുപാർശ ചെയ്യുന്നതിനുള്ള മൂന്നംഗ കൊളീജിയത്തിലുണ്ടായിരുന്നത്. നവംബർ 23ന് നടന്ന യോഗത്തിലാണ് കൊളീജിയം എട്ടു പേരുടെ പേരുകൾ ശുപാർശ ചെയ്തത്.
ബാറിൽനിന്നും അഭിഭാഷകരായ അനിൽ കുമാർ ഉപ്മാൻ, നൂപുർ ഭാട്ടി എന്നിവരെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജില്ലാ ജുഡീഷ്യറിയിൽ നിന്ന് രാജേന്ദ്ര പ്രകാശ് സോണി, അശോക് കുമാർ ജെയിൻ, യോഗേന്ദ്ര കുമാർ പുരോഹിത്, ഭുവൻ ഗോയൽ, പ്രവീർ ഭട്നാഗർ, അശുതോഷ് കുമാർ എന്നിവരെ കൊളീജിയം ശുപാർശ ചെയ്തു.
ജഡ്ജിമാരുടെ മുഴുവൻ പട്ടികയും രാജസ്ഥാൻ ഹൈക്കോടതിയുടെ പരിഗണനയ്ക്കായി തിരികെ നൽകാൻ സർക്കാർ കൊളീജിയത്തോട് ആവശ്യപ്പെട്ടതായി സെപ്റ്റംബർ 11-ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷി വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ഹൈക്കോടതി നിർദേശിച്ച പേരുകളോടാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചത്.
ഈ വർഷം ഫെബ്രുവരിയിലാണ് ജയ്പൂർ ബാറിലെയും ജോധ്പൂർ ബാറിലെയും നാല് വീതം അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള നടപടികൾ രാജസ്ഥാൻ ഹൈക്കോടതി തുടങ്ങിയത്. ഇതിൽ രണ്ടുപേരുടെ പേരുകൾ മാത്രമാണ് സുപ്രീം കോടതിയിലെ ജഡ്ജിമാർ അംഗീകരിച്ചതെന്നും ബാക്കി ആറു പേരുടെ പേരുകളും ഹൈക്കോടതിയിലേക്ക് തിരികെ അയച്ചതായും വൃത്തങ്ങൾ പറഞ്ഞു.