ന്യൂഡൽഹി: ശിക്ഷയുടെ പിഴത്തുകയോ ജാമ്യത്തിന്റെ തുകയോ അടയ്ക്കാൻ കഴിയാതെ ജയിലുകളിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കമുള്ള തടവുകാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള പ്രത്യേക പദ്ധതി ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ജയിലുകൾ തിങ്ങിനിറയുന്നതിനും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“സാമൂഹികമായി പിന്നോക്കം നിൽക്കുന്ന, കുറഞ്ഞ വിദ്യാഭ്യാസവും ചെറിയ വരുമാനവുമുള്ള തടവുകാരെ ജയിലിൽ നിന്നു പുറത്തുകടക്കാൻ ഈ പദ്ധതി സഹായിക്കും,” കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗനിർദേശത്തിനും കീഴിൽ, ജയിലുകളിലെ തടവുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കാലങ്ങളായി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ക്രിമിനൽ നടപടി ചട്ടത്തിൽ (സിആർപിസി) സെക്ഷൻ 436എ, സിആർപിസിയിൽ XXIA ‘ജാമ്യത്തിനായി അപേക്ഷിക്കുക’ എന്ന പുതിയ അധ്യായം ഉൾപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു, ” ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വിവിധ തലങ്ങളിലുള്ള ലീഗൽ സർവീസസ് അതോറിറ്റി മുഖേന പാവപ്പെട്ട തടവുകാർക്ക് സൗജന്യ നിയമസഹായം നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
“ബജറ്റിന്റെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മുൻഗണന നൽകുന്നത്. പാവപ്പെട്ട തടവുകാർക്കുള്ള പിന്തുണയാണ് പ്രഖ്യാപനങ്ങളിലൊന്ന്. ജയിലുകളിൽ കഴിയുന്ന, പിഴയോ ജാമ്യത്തുകയോ അടയ്ക്കാൻ കഴിയാത്ത പാവപ്പെട്ടവർക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.”
പദ്ധതിയുടെ രൂപരേഖകൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അന്തിമമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പദ്ധതിക്കു കീഴിൽ, “സാമ്പത്തിക പരിമിതികൾ കാരണം, പിഴ അടക്കാത്തതിനാൽ ജാമ്യം നേടാനോ ജയിലുകളിൽ നിന്ന് മോചിതരാകാനോ കഴിയാത്ത പാവപ്പെട്ട തടവുകാർക്ക് ആശ്വാസം നൽകുന്നതിന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും”.
”ഈ പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, പാവപ്പെട്ട തടവുകാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ സ്ഥാപിക്കും. ഇതിനായി ഇ-പ്രിസൺസ് പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലൂടെ ആവശ്യക്കാരായ പാവപ്പെട്ട തടവുകാർക്ക് നിയമസഹായം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും,” ആഭ്യന്തര മന്ത്രാലയം അറിയിച്ചു.