ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള കഠിന പരിശ്രമമാണ് രാജ്യത്തെ യുവതെ കഴിഞ്ഞ എട്ട് വര്‍ഷമായി നടത്തുന്നത്. പക്ഷെ 2014-15 മുതൽ 2021-22 വരെ ലഭിച്ച 22.05 കോടി അപേക്ഷകളിൽ 7.22 ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലിക്കായി ശുപാര്‍ശ ചെയ്യപ്പെട്ടത്. ഇത് കേവലം 0.33 ശതമാനം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഈ വിവരം ലോക്സഭയെ അറിയിച്ചത്.
2019-20 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടത്, 1.47 ലക്ഷം. കോവിഡ് മഹാമാരിയ്ക്ക് മുന്‍പാണിത്. എട്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജോലിക്ക് യോഗ്യത നേടിയവരുടെ എണ്ണത്തിന്റെ ഇരുപത് ശതമാനത്തിലധികമാണിത്, രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം ലോക്സഭയില്‍ വ്യക്തമാക്കിയത്.
2014 മുതല്‍ സര്‍ക്കാര്‍ ജോലിയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019-20 കാലഘട്ടത്തില്‍ മാത്രമാണ് വ്യത്യസ്തമായി സംഭവിച്ചത്. 2014-15 വര്‍ഷത്തില്‍ 1.30 ലക്ഷം പേര്‍ക്കാണ് യോഗ്യത ലഭിച്ചത്. 1.11 ലക്ഷം (2015-16), 1.01 ലക്ഷം (2016-17), 76,147 (2017-18), 38,100 (2018-19), 78,555 (2020-21), 38,850 (2021-22) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍.

കഴിഞ്ഞ എട്ട് വർഷത്തിനിടെ 7.22 ലക്ഷം ഉദ്യോഗാർത്ഥികളെ മാത്രമേ നിയമനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളൂവെങ്കിലും അടുത്ത 18 മാസത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യുമെന്ന് ഈ വർഷം ജൂൺ 14 ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എല്ലാ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രഖ്യാപനം നടത്തിയത്.
സര്‍ക്കാര്‍ ജോലിക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് 2018-19 കാലഘട്ടത്തിലാണ്, 5.09 കോടി. ഏറ്റവും കുറവ് 2020-21 കാലഘട്ടത്തിലും, 1.80 കോടി. 2014 മുതല്‍ ഓരോ വര്‍ഷവും ശരാശരി 2.75 കോടി അപേക്ഷകളാണ് സര്‍ക്കാര്‍ ജോലിക്കായി ലഭിച്ചിട്ടുള്ളത്, നിയമനത്തിന് യോഗ്യത നേടുന്നവരുടെ ശരാശരി ഒരു ലക്ഷത്തിനു താഴെയാണ്.
രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വിവിധ സംരഭങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. തൊഴിൽ വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുക എന്നത് സർക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒന്നാണ്. അതനുസരിച്ച്, രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ ഗവൺമെന്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, കേന്ദ്രമന്ത്രി വ്യക്തമാക്കി.