ന്യൂഡല്‍ഹി: വിമാനയാത്രാ വിലക്കില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. യാത്രക്കാരുടെ സുരക്ഷയില്‍ യാതൌരു തരത്തിലും വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെയുളള നടപടികള്‍ എടുക്കാനാണ് പുതിയ ചട്ടങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരിക.

വിമാനത്തിലുളള യാത്രക്കാരുടെ അച്ചടക്കമില്ലായ്മയെ മൂന്നായി തരംതിരിച്ചാണ് നടപടികള്‍ എടുക്കുക. വിമാന ജീവനക്കാരോട് വാക്കാല്‍ എന്തെങ്കിലും തരത്തിലുളള അധിക്ഷേപമോ അച്ചടക്കമില്ലായ്മയോ കാണിച്ചാല്‍ മൂന്ന് മാസം വരെ വിമാനയാത്രയില്‍ നിന്നും വിലക്ക് ലഭിക്കും.

ശാരീരികമായ അച്ചടക്ക ലംഘനം/കൈയേറ്റം ആണെങ്കില്‍ ആറ് മാസം വരെ വിലക്ക് ലഭിക്കും. ജീവനക്കാരുടേയോ യാത്രക്കാരുടേയോ ജീവന് ഭീഷണിയാകുന്ന തരത്തിലുളള പ്രവൃത്തി ആണെങ്കില്‍ രണ്ട് വര്‍ഷം മുതല്‍ ആജീവനാന്തം വരെ വിമാന യാത്രകളില്‍ നിന്നും വിലക്ക് ലഭിക്കും. വിദേശ വിമാന കമ്പനികള്‍ക്കും ‘ദേശീയ യാത്രാവിലക്ക്’ പട്ടികയുണ്ടാക്കി യാത്രക്കാരെ വിലക്കാന്‍ കഴിയുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ