കോവിഡ് സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ ആഭ്യന്തര വിമാന സർവീസുകളിൽ വരുത്തിയ പരിധിയിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. കോവിഡിനു മുൻപുള്ള സമയത്തെ വിമാന സർവീസുകളുടെ 60 ശതമാനം മാത്രം സർവീസ് നടത്തുന്നതിനായിരുന്നു ഇതുവരെ വിമാനക്കമ്പനികൾക്ക് അനുമതിയുണ്ടായിരുന്നത്. ഇത് 70 ശതമാനമായി ഉയർത്തിയതായി സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

60 ശതമാനമാണ് സർവീസുകളുടെ പരിധിയെന്ന് സെപ്റ്റംബർ 2 ന്റെ ഔദ്യോഗിക ഉത്തരവിൽ സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളെ അറിയിച്ചിരുന്നു. പിന്നീട് 2021 ഫെബ്രുവരി 24 വരെയോ പുതിയ ഉത്തരവുണ്ടാവുന്നത് വരെയോ ഇന്ത്യൻ വിമാനക്കമ്പനികൾ 60 ശതമാനം പരിധി തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ ഒക്ടോബർ 29 നായിരുന്നു മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. “കോവിഡ് -19 ന്റെ നിലവിലുള്ള സാഹചര്യം” കാരണം സെപ്റ്റംബർ 2 ലെ ഉത്തരവ് “2021 ഫെബ്രുവരി 24 ന് രാത്രി 11.59 വരെയോ അല്ലെങ്കിൽ പുതിയ ഉത്തരവുകൾ വരുന്നത് വരെയോ പ്രാബല്യത്തിൽ തുടരും,” എന്നാണ് ഒക്ടോബർ 29ലെ ഉത്തരവിൽ പറഞ്ഞത്.

കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാന സർവീസുകളുടെ പരമാവധി 45 ശതമാനം സർവീസ് നടത്താൻ ജൂൺ 26 ന് മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.

കോവിഡിനെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ട് മാസം വിമാനസർവീസുകൾ നിർത്തിവച്ച ശേഷം മെയ് 25 മുതൽ ആഭ്യന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. കോവിഡിന് മുമ്പുള്ള സർവീസുകളുടെ 33 ശതമാനത്തിൽ കുറവ് സർവീസുകൾക്കായിരുന്നു അന്ന് അനുമതി.

പിന്നീട് ഇത് ജൂൺ 26ന് 45 ശതമാനമായി വർധിപ്പിച്ചു. ജൂൺ 26 ലെ മുൻ ഉത്തരവ് പരിഷ്കരിച്ച് മന്ത്രാലയം സെപ്റ്റംബർ 2 ന് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 45 ശതമാനം ശേഷി 60 ശതമാനം ശേഷിയായി വർധിപ്പിക്കാം എന്ന് ഉത്തരവിൽ പറയുന്നു.

കോവിഡ് പകർച്ചവ്യാധി കാരണം മാർച്ച് 23 മുതൽ രാജ്യത്തെ ഷെഡ്യൂൾ അനുസരിച്ചിട്ടുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

എന്നാൽ, മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതൽ വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച ഉഭയകക്ഷി എയർ ബബിൾ കരാറുകൾ പ്രകാരവും പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook