/indian-express-malayalam/media/media_files/uploads/2023/06/students-2.jpg)
Representative Image
ന്യൂഡൽഹി: ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ (എൻഎസ്പി) രജിസ്റ്റർ ചെയ്തിട്ടുള്ള കുറഞ്ഞത് 830 ന്യൂനപക്ഷ സ്ഥാപനങ്ങളെങ്കിലും വ്യാജമോ പ്രവർത്തനരഹിതമോ ആണെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം കണ്ടെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ 830 സ്ഥാപനങ്ങൾക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്രത്തിൽ നിന്ന് 144 കോടി രൂപ സ്‌കോളർഷിപ്പ് ലഭിച്ചതായാണ് വിവരം.
ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ന്യൂനപക്ഷ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻസിഎഇആർ) ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇത് പുറത്തുവന്നത്.
ജൂലൈ 10 ന്, മന്ത്രാലയം അതിന്റെ കണ്ടെത്തലുകൾ സിബിഐക്ക് കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു. സിബിഐ അന്വേഷണം ഇപ്പോൾ നടക്കുകയാണ്.
21 സംസ്ഥാനങ്ങളിലായി എൻസിഎഇആർ അന്വേഷിച്ച 1,572 സ്ഥാപനങ്ങളിലാണ് ഈ 830 വ്യാജമോ പ്രവർത്തനരഹിതമോ ആയ ന്യൂനപക്ഷ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതെന്ന് ഉറവിടങ്ങൾ പറഞ്ഞു. എന്നിരുന്നാലും, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനായി എൻഎസ്പിയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 1.8 ലക്ഷം സ്ഥാപനങ്ങൾ രാജ്യത്തുടനീളം ഉള്ളതിനാൽ സംഖ്യ ഇനിയും കൂടാമെന്ന് വിശ്വസിക്കുന്നു.
“എൻസിഎഇആർ അതിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിച്ചു. ഈ 830 സ്ഥാപനങ്ങൾ, അതായത് അന്വേഷണം നടത്തിയ സ്ഥാപനങ്ങളിൽ 53 ശതമാനം വരുന്ന ഇവ ഒന്നുകിൽ വ്യാജമോ പ്രവർത്തനരഹിതമോ ആണെന്ന് കണ്ടെത്തി," വൃത്തങ്ങൾ പറഞ്ഞു.
ഈ 830 സ്ഥാപനങ്ങളിൽ ഛത്തീസ്ഗഡിൽ 62 എണ്ണവും രാജസ്ഥാനിൽ 99 എണ്ണവും പ്രവർത്തനരഹിതമാണെന്ന് എൻസിഎഇആർ കണ്ടെത്തി. "അസാമിൽ, അന്വേഷണത്തിൽ 68 ശതമാനം സ്ഥാപനങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി, കർണാടകയിൽ 64 ശതമാനം, ഉത്തരാഖണ്ഡിൽ 60 ശതമാനം, ഉത്തർപ്രദേശിൽ 44 ശതമാനം, മധ്യപ്രദേശിൽ 40 ശതമാനം; പശ്ചിമ ബംഗാളിൽ 39 ശതമാനം വ്യാജമോ പ്രവർത്തനരഹിതമോ ആണെന്ന് കണ്ടെത്തി,”വൃത്തങ്ങൾ പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ 2016ൽ ഡിജിറ്റൈസ് ചെയ്‌ത് എൻഎസ്‌പിയിലേക്ക് കൊണ്ടുവന്നു. സ്രോതസ്സുകൾ പ്രകാരം, ന്യൂനപക്ഷ സ്‌കോളർഷിപ്പ് സ്‌കീമുകൾക്ക് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രാലയം പ്രതിവർഷം 2,000 കോടി രൂപയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2007-08 നും 2021-22 നും ഇടയിലുള്ള ആകെ തുക 22,000 കോടി രൂപയായിരുന്നു.
2020-ൽ ജാർഖണ്ഡിലെയും ബിഹാറിലെയും ഇടനിലക്കാർ, ബാങ്ക് കറസ്‌പോണ്ടൻറുകൾ, ഉദ്യോഗസ്ഥർ, സ്‌കൂൾ ജീവനക്കാർ എന്നിവരുടെ കൂട്ടുകെട്ടിലൂടെ ന്യൂനപക്ഷ സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കേന്ദ്രാവിഷ്‌കൃത പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സ്‌കോളർഷിപ്പ് അനധികൃതമായി തട്ടിയതിനെക്കുറിച്ച് 2020-ൽ ഇന്ത്യൻ എക്‌സ്പ്രസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് (2020 നവംബറിൽ) ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
2020-ലെ അന്വേഷണത്തിനിടെ ജാർഖണ്ഡ്, ബീഹാർ, പഞ്ചാബ്, ഛത്തീസ്ഗഡ്, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം നടത്തിയതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ജാർഖണ്ഡിൽ 19 എഫ്‌ഐആറുകളും ബീഹാറിൽ അഞ്ച് എഫ്‌ഐആറുകളും ഫയൽ ചെയ്തിട്ടുണ്ട്. പഞ്ചാബിലും ഛത്തീസ്ഗഢിലും എഫ്‌ഐആറുകളൊന്നും ഫയൽ ചെയ്തിട്ടില്ല. എന്നാൽ സിബിഐ അന്വേഷണത്തിന് ശേഷവും ദേശീയ സ്കോളർഷിപ്പ് പോർട്ടലിന്റെ സൂക്ഷ്മപരിശോധനയിൽ ചില പൊരുത്തക്കേടുകൾ വെളിപ്പെട്ടു,'' വൃത്തങ്ങൾ പറഞ്ഞു.
അടുത്തിടെ സമാപിച്ച മൺസൂൺ സമ്മേളനത്തിൽ, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും പുനഃപരിശോധന ആരംഭിച്ചതായും കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷ സ്കോളർഷിപ്പ് സ്കീമിന്റെ നിരീക്ഷണവും മൂല്യനിർണ്ണയവും എൻസിഎഇആറിന് ചുമതലപ്പെടുത്തിയതായും രേഖാമൂലമുള്ള മറുപടികളിലൂടെ പാർലമെന്റിനെ അറിയിച്ചിരുന്നു. 2022 ജൂലൈയിൽ ഇറാനി മന്ത്രാലയത്തിന്റെ ചുമതലയേറ്റു.
കണ്ടെത്തിയ ഏറ്റവും ശ്രദ്ധേയമായ പൊരുത്തക്കേടുകളിൽ ഒന്ന് യുഡിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോഡുകൾ ഉപയോഗിക്കുന്നു എന്നതാണ്. ഇത് പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഔപചാരിക വിദ്യാഭ്യാസം നൽകുന്ന എല്ലാ അംഗീകൃതവും അംഗീകരിക്കപ്പെടാത്തതുമായ സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ്.
പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.