ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് കോൺഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസർക്കാർ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും കോവിഡ് മഹാമാരിയെ മോശം തരത്തിൽ കൈകാര്യം ചെയ്ത് രാജ്യത്തെ പടുകുഴിയിലേക്ക് തള്ളിയെന്നും സോണിയാ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സോണിയ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന വിശാല സംഘടനാ പുനസംഘടനയ്ക്ക് ശേഷം ആദ്യമായി എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ഭരണഘടനയ്ക്കും ജനാധിപത്യ പാരമ്പര്യത്തിനും നേരെ “ആസൂത്രിത ആക്രമണം” ഉണ്ടെന്നും രാജ്യത്തെ ജനാധിപത്യം അതിന്റെ “ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ” കടന്നുപോകുകയാണെന്നും ഗാന്ധി അവകാശപ്പെട്ടു. കാർഷിക നിയമങ്ങൾ “കാർഷിക വിരുദ്ധം” ആണെന്നും സോണിയ പറഞ്ഞു. രാജ്യം ഭരിക്കുന്നത് “ഒരുപിടി ചങ്ങാതി മുതലാളിമാർക്ക് പൗരന്മാരുടെ അവകാശങ്ങൾ ആസൂത്രിതമായി കൈമാറുന്ന” ഒരു സർക്കാരാണെന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ച് സോണിയ പറഞ്ഞു.

Read More: കോവിഡ് വ്യാപനം തീവ്രഘട്ടം പിന്നിട്ടു; ശ്രദ്ധിച്ചാൽ ഫെബ്രുവരിയോടെ നിയന്ത്രിക്കാം: കേന്ദ്രസമിതി

രാജ്യത്തെ കൊറോണ വൈറസ് പ്രതിസന്ധിയെ കേന്ദ്രം കൈകാര്യം ചെയ്യുന്നതിനെയും സോണിയ ഗാന്ധി വിമർശിച്ചു. “21 ദിവസത്തിനുള്ളിൽ കൊറോണയെ പരാജയപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത ഒരു പ്രധാനമന്ത്രി പൗരന്മാരോടുള്ള തന്റെ സർക്കാരിൻറെ ഉത്തരവാദിത്തം ഉപേക്ഷിച്ചുവെന്നതാണ് വ്യക്തമായ സത്യം,” അവർ പറഞ്ഞു.

“കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. അവരുടെ ദുരിതങ്ങൾക്ക് സർക്കാർ നിശബ്ദരായ കാഴ്ചക്കാരായി തുടർന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഒരു പദ്ധതിയോ തന്ത്രപരമായ ചിന്തയോ പരിഹാരമോ മുന്നോട്ടുള്ള മാർഗമോ ഇല്ല, ”അവർ കൂട്ടിച്ചേർത്തു.

ജിഡിപി വളർച്ചയിലെ മാന്ദ്യത്തെക്കുറിച്ച് സംസാരിച്ചസോണിയ, സർക്കാർ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണെന്നും പറഞ്ഞു.”ജിഡിപിയിൽ മറ്റെല്ലാ സാമ്പത്തിക സൂചികകളിലും ഇത്തരമൊരു ഇടിവിന് രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ല. ഇന്ന്, യുവാക്കൾക്ക് ജോലിയില്ല. ഏകദേശം 14 കോടി തൊഴിലുകൾ നഷ്ടപ്പെട്ടു. ചെറുകിട, ഇടത്തരം ബിസിനസുകൾ, ചെറുകിട കടയുടമകൾ, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവ അഭൂതപൂർവമായ വേഗതയിൽ അടച്ചുപൂട്ടുന്നുണ്ടെങ്കിലും ശ്രദ്ധയില്ലാത്ത സർക്കാർ നിശബ്ദരായ കാഴ്ചക്കാരായി തുടരുന്നു,”കോൺഗ്രസ് ഇടക്കാല അധ്യക്ഷ പറഞ്ഞു.

Read More: ഓൺലൈൻ ക്ലാസിലിരിക്കാൻ ഇന്റർനെറ്റ് ഇല്ല; മല കയറി വിദ്യാർഥികൾ

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ മാനിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതായും ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നിഷേധിക്കുകയാണെന്നും സോണിയ ആരോപിച്ചു. ജിഎസ്ടി നഷ്ടപരിഹാരം 1.1 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകുന്നതിന് കേന്ദ്രം വിപണിയിൽ നിന്ന് വായ്പയെടുക്കുമെന്ന് ധനകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

“കേന്ദ്ര സർക്കാർ ഭരണഘടനാ ബാധ്യതകൾ പിൻവലിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരുകൾ നമ്മുടെ ജനങ്ങളെ എങ്ങനെ സഹായിക്കും? സാമ്പത്തിക അരാജകത്വം കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നതിന്റെ ആദ്യ ഉദാഹരണമായിരിക്കണം ഇത്” സോണിയ ഗാന്ധി പറഞ്ഞു.

ദലിതർക്കെതിരായ അതിക്രമങ്ങൾ ഒരു പുതിയ പരിധിയും കടന്നെന്ന് ഹാഥ്റസ് സംഭവത്തെക്കുറിച്ച് സൂചിപ്പിച്ച് സോണിയ പറഞ്ഞു. “നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയുടെ പെൺമക്കൾക്ക് മതിയായ സംരക്ഷണം നൽകുന്നതിനുപകരം, ബിജെപി സർക്കാരുകൾ കുറ്റവാളികളുടെ പക്ഷത്താണ്. അടിച്ചമർത്തപ്പെട്ട കുടുംബങ്ങളുടെ ശബ്ദം ഭരണകൂടെ ഏജൻസികൾ അടിച്ചമർത്തുകയാണ്. ഇതാണോ പുതിയ രാജ്യ ധർമ്മം? ” അവർ ചോദിച്ചു.

Read More: Govt failed to honour Constitution, democracy passing through its most difficult phase: Sonia Gandhi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook