ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചത്. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും. പ്രോ ടെം സ്പീക്കർ ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

Read More: ജനപ്രിയമാകാന്‍ മോദി; പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് നിരക്കില്‍ വര്‍ധന

ജൂണ്‍ 20 ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കും. ജൂലൈ അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കർഷക പ്രതിഷേധം തണുപ്പിക്കാനും കർഷകരെ കൂടുതൽ കേന്ദ്ര സർക്കാരിലേക്ക് അടുപ്പിക്കാനുമാണ് ആറായിരം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 15 കോടി ജനങ്ങൾക്ക് ഇത് ഉപകരിക്കുമെന്ന് കൃഷ്മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധി ഇല്ലാതാക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തു. എല്ലാ കർഷകർക്കും ഇനി കിസാൻ യോജനയുടെ ആനുകൂല്യം ലഭ്യമാകും.

പ്രധാനമന്ത്രിയായ രണ്ടാം വട്ടവും അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുടെ ആദ്യ തീരുമാനം പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമിലെ മാറ്റങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു. ദേശീയ പ്രതിരോധ ഫണ്ടില്‍ വരുന്നതാണ് പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്. ആണ്‍കുട്ടികള്‍ക്ക് 25 ശതമാനും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവുമാണ് സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തിയത്. കൂടാതെ തീവ്രവാദ/നക്‌സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമായി.

Read More: ജിഡിപി നിരക്ക് കുത്തനെ താഴോട്ട്; തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ

ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികൾ വിദേശ രാഷ്ട്ര തലവന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത മണിക്കൂറിൽ തന്നെ മോദി കൂടിക്കാഴ്ചകൾ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 10.15ന് കിർഗിസ്ഥാൻ പ്രസിഡന്റ് സൂറൻബെ ജീൻബെക്കോവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook