ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നൽകിയ സമയപരിധി ഈ വർഷം ഏപ്രിൽ ഒന്നിന് അവസാനിക്കാനിരിക്കെയാണ് ചൊവാഴ്ച പുതിയ വിജ്ഞാപനം പുറത്തിറങ്ങിയത്.
തിരഞ്ഞെടുപ്പ് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയും 2023 ഏപ്രിൽ 1ന്, മുൻപായി ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കണമെന്നായിരുന്നു 2022 ജൂൺ 17ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ചൊവ്വാഴ്ചത്തെ അറിയിപ്പ് പ്രകാരം അവസാന തീയതി ഒരു വർഷം കൂടി നീട്ടി നൽകി.
തിരഞ്ഞെടുപ്പ് നിയമങ്ങൾ (ഭേദഗതി) ആക്ട് 2021, പ്രകാരം വോട്ടർമാരുടെ ആധാർ നമ്പർ സ്വമേധയാ ശേഖരിക്കുന്നതിനായി 2022 ഓഗസ്റ്റ് 1 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്യാംപെയിൻ ആരംഭിച്ചിരുന്നു.
ഡിസംബർ 12 വരെ 54.32 കോടി ആധാർ നമ്പറുകൾ ശേഖരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. 2022 ഡിസംബർ 15-ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈക്കാര്യം പറയുന്നത്. എന്നിരുന്നാലും വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്യുന്ന പ്രക്രിയ ഇതുവരെ ആരംഭിച്ചിട്ടില്ല. ജനുവരി 1 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 95 കോടി വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.