ന്യൂഡൽഹി: കൂടുതൽ കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. 12-14 വയസിനിടയിൽ പ്രായമുള്ളവർക്ക് മാർച്ച് 16 (ബുധനാഴ്ച) മുതൽ വാക്സിൻ നൽകും.
ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ നിർമ്മിക്കുന്ന കോർബെവാക്സ് വാക്സിനാണ് ഈ പ്രായത്തിലുള്ളവർക്ക് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ റിസപ്റ്റർ ബൈൻഡിംഗ് ഡൊമെയ്ൻ (ആർബിഡി) പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിനാണ് കോർബെവാക്സ്. ഫെബ്രുവരി 21നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇയുടെ കോർബെവാക്സിന് 12 മുതൽ18 വയസ്സ് വരെ പ്രായമുള്ളവരിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്.
നിലവിൽ രാജ്യത്തെ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി 14 വയസ്സുവരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നുണ്ട്.
അതിനിടെ, 60 വയസ്സിനു മുകളിലുള്ളവർക്ക് രോഗാവസ്ഥ അനുസരിച്ചു മുൻകരുതൽ ഡോസ് നൽകുന്നത് ഒഴിവാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇനി മുതൽ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ മൂന്നാം ഡോസ് എടുക്കാം.
അതേസമയം, രാജ്യത്തെ കോവിഡ് ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 2503 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.