ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിനായി രാജ്യത്ത് വ്യക്തിഗത സുരക്ഷാ സാമഗ്രികൾക്കും ഡയഗ്നോസ്റ്റിക് കിറ്റുകൾക്കുമുള്ള ആവശ്യം വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം. 2 കോടി 70 ലക്ഷം N95 മാസ്‌കുകളും ഒരു കോടി 50 ലക്ഷം മറ്റു വ്യക്തിഗത സുരക്ഷാ സാമഗ്രികളും 10 ലക്ഷത്തിലധികം ടെസ്റ്റിങ് കിറ്റുകളും 50000 വെന്റിലേറ്ററുകളുമാണ് രാജ്യത്തിന് ഇനി ആവശ്യമുള്ളതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു.

ഇതു സംബന്ധിച്ച് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും രാജ്യാന്തര കമ്പനികളുടെയും വിവിധ എൻജിഒകളുടെയും പ്രതിനിധികളുമായി ഏപ്രില്‍ മൂന്നിന് യോഗം ചേർന്നു. ജൂണ്‍ 20 നുള്ളിലാണ് ഇത്രയും സുരക്ഷാ സാമഗ്രികള്‍ വേണ്ടത്.

‘“2020 ജൂൺ മാസത്തോടെ 27 ദശലക്ഷം എൻ 95 മാസ്കുകൾ, 1.6 ദശലക്ഷം ടെസ്റ്റിങ് കിറ്റുകൾ, 15 ദശലക്ഷം പിപിഇകൾ എന്നിവയാണ് ആവശ്യം. അവ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ജൂണിനുള്ളില്‍ 50000 വെന്റിലേറ്ററുകളാണ് രാജ്യത്തിനാവശ്യം എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 16000 ലഭ്യമാണ്. 34000 വെന്റിലേറ്ററുകള്‍ക്കു കൂടിയുള്ള ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വെന്റിലേറ്ററുകളും വ്യകതി സുരക്ഷാ സാമഗ്രികളും വാങ്ങുന്നതിനുളള തീരുമാനം വിദേശകാര്യ മന്ത്രാലയമായിരിക്കും എടുക്കുക,” യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read More: പിടിതരാതെ കോവിഡ്; ആഗോള തലത്തിൽ മരണ സംഖ്യ 69,000 കടന്നു

അത്യാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി അവയുടെ കയറ്റുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തു. ടെസ്റ്റിങ് കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിനു ശനിയാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നേരത്തെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റിങ് കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കോവിഡ് പ്രതിരോധ മരുന്ന്, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍ തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെ കയറ്റുമതിയും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോകിന്റെ കയറ്റുമതിയും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഈ മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,067 ആയി. ഭോപ്പാലിലെ ആദ്യ മരണമടക്കം 109 മരണങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 80 ശതമാനവും ഇന്ത്യയിലുടനീളമുള്ള 62 ജില്ലകളിൽ നിന്നാണ്. ഏപ്രിൽ 14 ന് രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Read in English: Govt estimates: In next 2 months, need 27 million N95 masks, 50000 ventilators

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook