ന്യൂഡൽഹി: മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് പേരെ സുപ്രീംകോടതി ജഡ്ജിമാരായി പുതുതായി നിയമിച്ചു. നിയമന വാറന്റുകളിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന ഉൾപ്പെടെയുള്ളവരാണു നിയമിക്കപ്പെട്ടത്.
കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി വി നാഗരത്നയെക്കൂടാതെ ജസ്റ്റിസ് ഹിമ കോഹ്ലി (തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത് ഹൈക്കോടതി ജഡ്ജി) എന്നിവരാണ് പുതിയ വനിതാ ജഡ്ജിമാർ.
മറ്റ് ആറു പേരിൽ മൂന്നു പേർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും രണ്ടു പേർ ഹൈക്കോടതി ജഡ്ജിമാരുമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ അഭയ് ശ്രീനിവാസ് ഓക (കർണാടക), വിക്രം നാഥ് (ഗുജറാത്ത്), ജിതേന്ദ്ര കുമാർ മഹേശ്വരി (സിക്കിം), ഹൈക്കോടതി ജഡ്ജിമാരായ എം.എം. സുന്ദ്രേഷ് (മദ്രാസ്), സി.ടി.രവികുമാർ (കേരളം) എന്നിവരെക്കൂടാതെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്.നരസിംഹയുമാണ് നിയമനം ലഭിച്ച മറ്റുള്ളവർ.
സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ഒൻപത് പേരുകളും കേന്ദ്ര സർക്കാർ അംഗീകരിക്കുകയും തുടർ നടപടിക്കായി രാഷ്ട്രപതിക്കു കൈമാറിയതായും ഉന്നത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. എല്ലാം ശരിയായാൽ അടുത്ത ആഴ്ച ആദ്യം നിയമനം പൂർത്തിയാകുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
22 മാസമായി തുടരുന്ന പ്രതിസന്ധിക്കു ശേഷം 17നാണ്, ഒൻപതു പേരെ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം സർക്കാരിനോട് ശിപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണയെക്കൂടാതെ ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, എൽ.നാഗേശ്വര റാവു എന്നിവരടങ്ങിയതായിരുന്നു കൊളീജിയം.
Also read: കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി, പക്ഷേ നാടുകടത്തപ്പെട്ടു: അഫ്ഗാൻ വനിതാ എംപി
35 ജഡ്ജിമാർ വേണ്ട സുപ്രീം കോടതിയിൽ ഓഗസ്റ്റ് 17നു കൊളീജിയം ചേരുമ്പോൾ ഒൻപത് ഒഴിവുകളാണുണ്ടായിരുന്നത്. ഓഗസ്റ്റ് 18നു ജസ്റ്റിസ് നവീൻ സിൻഹ വിരമിച്ചതോടെ ഒഴിവുകളുടെ എണ്ണം പത്തായി.
2027ൽ ആദ്യ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന, മുൻ ചീഫ് ജസ്റ്റിസ് ഇ എസ് വെങ്കടരാമയ്യയുടെ മകളാണ്. 1962 ഒക്ടോബർ 30നു ജനിച്ച ജസ്റ്റിസ് നാഗരത്ന 1987 ഒക്ടോബർ 28നു ബെംഗളുരുവിലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2008 ഫെബ്രുവരി 18നു കർണാടക ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതയായി. 2010 ഫെബ്രുവരി 17നു സ്ഥിരം ജഡ്ജിയായി. നിലവിൽ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ്.
സുപ്രിം കോടതിയിൽ 2027 ഒക്ടോബർ 29 വരെ സേവനകാലയളവുള്ള ബി വി നാഗരത്നയ്ക്കു അതേ വർഷം സെപ്റ്റംബർ 23 മുതൽ ഒരു മാസത്തിലേറെയാണ് ചീഫ് ജസ്റ്റിസാകാനുള്ള അവസരം ലഭിച്ചേക്കുക.